നടപടി സ്വീകരിക്കാൻ മാത്രമുള്ള അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കെപിസിസിയുടെ താക്കീതിന് പിന്നാലെ കെ മുരളീധരനും എം കെ രാഘവനും എ, ഐ ഗ്രൂപ്പുകളുടെ പിന്തുണ. അച്ചടക്കനടപടി അനുചിതമായിപ്പോയെന്ന് ഗ്രൂപ്പ് നേതൃത്വം പ്രതികരിച്ചു. നടപടി സ്വീകരിക്കാൻ മാത്രമുള്ള അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു.

നേതൃത്വത്തിന് എതിരായ പരസ്യ വിമർശനത്തെ തുടര്‍ന്നായിരുന്നു എം കെ രാഘവൻ എംപിയെ കെപിസിസി താക്കീത് ചെയ്തത്. പാർട്ടി വേദികളിൽ പറയേണ്ട കാര്യങ്ങൾ പൊതുവേദിയിൽ പറ‌ഞ്ഞത് അച്ചടക്ക ലംഘനമെന്ന് രാഘവനയച്ച കത്തിൽ കെപിസിസി വ്യക്തമാക്കി. രാഘവനെ പിന്തുണച്ച കെ മുരളീധരനും ജാഗ്രത കാട്ടണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ കത്ത് നല്‍കിയിരുന്നു. 

Also Read: വിമര്‍ശനങ്ങള്‍ക്ക് തടയിടാൻ കെപിസിസി, അച്ചടക്കം പാലിക്കാന്‍ നേതാക്കൾക്ക് കത്ത്, കരുവായത് രാഘവനും മുരളിയും

ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്നാണ് വിഷയത്തില്‍ കെ മുരളീധരൻ എംപി ഇന്ന് പ്രതികരിച്ചത്. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്നും തെരഞ്ഞെടുപ്പിന് മുൻ‌പ് രണ്ട് എം പിമാരെ പിണക്കിയതിൻ്റെ ഭവിഷത്ത് നല്ലതായിരിക്കില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പരഞ്ഞു. നോട്ടീസ് നൽകും മുൻപ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നുവെന്ന് പറഞ്ഞ മുരളീധരൻ, തൻ്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ എന്നും കൂട്ടിച്ചേര്‍ത്തു. 

Also Read: 'നേതൃത്വം ബോധപൂർവം അപമാനിക്കുന്നു'; ഇനി മത്സരരംഗത്തേക്കില്ലെന്ന് കെ മുരളീധരൻ