സിപിഎം വിട്ട് വന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്ന് ഇരു പാർട്ടികളും അറിയിച്ചു.
പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയിൽ എടുത്തില്ല എന്ന കാരണത്താൽ അതൃപ്തി പരസ്യമാക്കിയ മുതിർന്ന നേതാവ് എ പത്മകുമാറിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും. പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി. മറ്റു കാര്യങ്ങൾ പാർട്ടി സംഘടനാ തലത്തിൽ തീരുമാനിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റ് ആയിരൂർ പ്രദീപ് പറഞ്ഞു.
എ പത്മകുമാർ പാർട്ടി വിട്ടുവന്നാൽ സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. അത്തരത്തിൽ ഒട്ടേറെ ആളുകൾ പാർട്ടിയിലേക്ക് വരുന്നുണ്ടെന്ന് ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
അതൃപ്തി പരസ്യമാക്കി പൊതുസമ്മേളനത്തിൽ പങ്കെടുക്കാതെയാണ് പത്മകുമാർ കൊല്ലത്ത് നിന്ന് മടങ്ങിയത്. ഉച്ചഭക്ഷണത്തിന് നിൽക്കാതെയാണ് പത്മകുമാർ പ്രതിഷേധിച്ച് കൊല്ലം വിട്ടത്. 'ചതിവ് വഞ്ചന അവഹേളനം' എന്ന് പത്മകുമാർ ഫേസ് ബുക്കിൽ കുറിച്ചു.
'ചതിവ്, വഞ്ചന, അവഹേളനം - 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം' എന്നായിരുന്നു പത്മകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും മാറ്റി. എന്നാൽ പോസ്റ്റ് ചർച്ചയായതോടെ അദ്ദേഹം പിൻവലിച്ചു.
സംസ്‌ഥാന കമ്മിറ്റിയിലേക്ക് എടുക്കുമ്പോൾ കഴിഞ്ഞ കാലത്തെ സമര, സംഘടന പ്രവർത്തനങ്ങളും കണക്കിലെടുക്കണമായിരുന്നുവെന്ന് പത്മകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇന്നല്ലെങ്കിൽ നാളെ പാർട്ടിക്ക് ബോധ്യപ്പെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
