കോഴിക്കോട്ട് കൊട്ടിക്കലാശത്തിനിടെ പ്രചാരണ വാഹനത്തിൽ നിന്ന് വീണ് കോൺഗ്രസ് നേതാവ് കെ ജയന്തിന് പരിക്കേറ്റു. പാലക്കാട് ബസിന് മുകളിൽ നിന്ന് ചാടിയ യുഡിഎഫ് പ്രവർത്തകനും അപകടത്തിൽപ്പെട്ടു. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്: കോഴിക്കോട് കൊട്ടിക്കലാശത്തിനിടെ കോൺഗ്രസ് നേതാവ് കെ ജയന്തിന് പ്രചാരണ വാഹനത്തിൽ നിന്ന് വീണു പരിക്കേറ്റു. വാരിയല്ലിനും ശ്വാസകോശത്തിനും ക്ഷതമേറ്റ ജയന്തിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പാളയത്ത് കൊട്ടിക്കലാശത്തിനിടെയാണ് സംഭവം. പാളയത്തെ സ്ഥാനാർത്ഥിയുടെ ഒപ്പം രാവിലെ മുതൽ പ്രചാരണത്തിലായിരുന്നു ജയന്ത്. ഇന്ന് വൈകിട്ടോടെ പാളയത്ത് വച്ച് വാഹനത്തിന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് താഴേക്ക് വീണത്. ഈ സമയത്താണ് പരിക്കേറ്റത്.
പാലക്കാട് ബസിന് മുകളിൽ നിന്ന് ചാടിയ യുഡിഎഫ് പ്രവർത്തകന് പരിക്ക്
അതിനിടെ പാലക്കാട് തരൂർ തോണിപ്പാടം കുണ്ടുകാട് ജംഗ്ഷനിൽ കൊട്ടിക്കലാശത്തിനിടെ സ്വകാര്യ ബസിന് മുകളിൽ നിന്ന് ചാടിയ യുഡിഎഫ് പ്രവർത്തകനും പരിക്കേറ്റു. ബസിന് മുകളിൽ നിന്ന് പുറകോട്ട് തിരിഞ്ഞ് ചാടി (സമ്മർ സോൾട്) താഴെയിറങ്ങാനായിരുന്നു ശ്രമം. ഈ ചാട്ടം പിഴച്ചതോടെ തറയിൽ വീണാണ് പരിക്കേറ്റത്. ഇദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



