'ജോർജ് എം തോമസിന്‍റെ പ്രസ്താവന സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതം വലുതാണ്. അത് നാക്കുപിഴയല്ല പ്രത്യയശാസ്ത്ര പിഴവാണ്'. സിപിഎം തള്ളിപ്പറയേണ്ടത് ബ്രാഞ്ചുകളിലേക്കടക്കം കൊടുത്തയച്ച പാർട്ടി രേഖയാണെന്നും ഷാഫി പറമ്പില്‍

കോഴിക്കോട് : കോടഞ്ചേരിയിലെ ലൗ ജിഹാദ് (Love Jihad)വിവാദം അടഞ്ഞ അധ്യായമെന്ന സിപിഎം (CPM)വിലയിരുത്തല്‍ വിഷയത്തെ ലഘൂകരിക്കാനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംഎല്‍എ. ജോർജ് എം തോമസിന്‍റെ പ്രസ്താവന സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതം വലുതാണ്. അത് നാക്കുപിഴയല്ല പ്രത്യയശാസ്ത്ര പിഴവാണ്. സിപിഎം തള്ളിപ്പറയേണ്ടത് ബ്രാഞ്ചുകളിലേക്കടക്കം കൊടുത്തയച്ച പാർട്ടി രേഖയാണെന്നും ഷാഫി പറമ്പില്‍ കോഴിക്കോട് പറഞ്ഞു. വിഷയത്തില്‍ കോൺഗ്രസിനകത്ത് വ്യക്തത കുറവില്ലെന്നും ഷാഫി വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

അതിനിടെ, ജ്യോയ്സ്നയുടെ മതാപിതാക്കള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ കോടഞ്ചേരിയിലെ വീട്ടിലെത്തി. വിഷയം വഷളാക്കിയത് കോണ്‍ഗ്രസ് ആണെന്ന സിപിഎം വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ കോടഞ്ചേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്താനും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്.

മകളെ 'കാണാതായത്' കേന്ദ്ര ഏജൻസി അന്വേഷിക്കണം, പൊലീസിൽ വിശ്വാസമില്ല, ജോയ്സനയുടെ അച്ഛൻ

അതേ സമയം, കോടഞ്ചേരി വിവാഹ വിവാദത്തില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് താമരശേരി രൂപത ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍ രംഗത്തെത്തി. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുകയാണെന്നും സമീപകാലത്തെ പ്രതിസന്ധികള്‍ മനസുകളെ തമ്മില്‍ അകറ്റുന്നതാണെന്നും ബിഷപ്പ് പറഞ്ഞു. താമരശേരി മേരി മാതാ കത്തീഡ്രല്‍ പളളിയില്‍ പെസഹാ വ്യാഴത്തിന്‍റെ ഭാഗമായി നടന്ന ശുശ്രൂഷകള്‍ക്ക് ശേഷമാണ് ബിഷപ്പ് മാര്‍ റെമജീയോസ് ഇഞ്ചനാനിയില്‍ രൂപതയ്ക്ക് കീഴില്‍ സമീപകാലത്തുണ്ടായ സംഭവങ്ങളിലുളള അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചത്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുകയാണെന്നും അത്തരം ശക്തികള്‍ക്ക് കീഴടങ്ങരുതെന്നുമായിരുന്നു ബിഷപ്പിന്‍റെ വാക്കുകള്‍.

ജ്യോയ്സ്‍നയെ കാണാതായ ദിവസം താമരശേരി രൂപത നേതൃത്വം സിപിഎം നേതാക്കളെ ബന്ധപ്പെട്ട് ഷെജിനെയും ജ്യോയ്സ്നയെയും കണ്ടെത്താന്‍ നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി ഇരുവര്‍ക്കും മൂന്ന് ദിവസം ഒളിവില്‍ കഴിയാന്‍ സിപിഎമ്മിലെ ഒരു വിഭാഗം തന്നെ കൂട്ടുനിന്നെന്ന പരാതി രൂപത നേതൃത്വത്തിനുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ വികാരം പാര്‍ട്ടി കണക്കിലെടുത്തില്ലെന്ന വിമര്‍ശനവും രൂപത നേതൃത്വം പങ്കുവയ്ക്കുന്നു. 

'ലൗ ജിഹാദ് ഹിന്ദുത്വ അജണ്ട', ജോർജ് എം തോമസിന്‍റെ പ്രസ്താവന പരിശോധിക്കുമെന്ന് യെച്ചൂരി

'അടഞ്ഞ അധ്യായം', മിശ്രവിവാഹം ചെയ്തതിന് ഷിജിനെതിരെ പാർട്ടി നടപടിയുണ്ടാകില്ല