Asianet News MalayalamAsianet News Malayalam

ബിജെപിക്ക് മറുപടി നൽകാൻ കോൺ​ഗ്രസ്, ഒരുലക്ഷം അണികളെ അണിനിരത്തി തൃശൂരില്‍ മഹാസമ്മേളനം; മോദിക്ക് മറുപടി ഖാര്‍ഗെ

സമ്മേളനം വന്‍ വിജയമാക്കുന്നതിന് ആവശ്യമായ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹിയോഗം തീരുമാനിച്ചു.

Congress will conduct Mass programme in Thrissur to reply PM Modi prm
Author
First Published Jan 16, 2024, 12:22 AM IST

തൃശൂര്‍: കേരളത്തിലെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി നാലിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന മഹാസമ്മേളനത്തോടെ തുടക്കമാകുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരിയില്‍ രണ്ട് തവണ തൃശൂര്‍ സന്ദര്‍ശിക്കുന്നതിന് മറുപടി എന്ന നിലയിലാകും കോണ്‍ഗ്രസിന്റെ സമ്മേളനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്നതോടെ രാഷ്ട്രീയമായി ബിജെപിക്ക് മറുപടി നല്‍കുക എന്നതും തൃശൂര്‍ മണ്ഡലത്തില്‍ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന രാഷ്ട്രീയസന്ദേശം വ്യക്തമാക്കുക എന്നതും കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍നിന്ന് പരമാവധി സീറ്റുകള്‍ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നു. ഇതില്‍ പ്രധാന സംസ്ഥാനം കേരളമാണ്.

സംസ്ഥാനത്തെ 25177  ബൂത്തുകളില്‍ നിന്ന് ബൂത്ത്  പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000 ത്തില്‍പ്പരം പ്രവര്‍ത്തകരും  മണ്ഡലം മുതല്‍  എഐസിസി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും  ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. ഞായറാഴ്ച വൈകുന്നേരം 3.30ന് തേക്കിന്‍കാട് മൈതാനത്താണ് സമ്മേളനം.

സമ്മേളനം വന്‍ വിജയമാക്കുന്നതിന് ആവശ്യമായ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹിയോഗം തീരുമാനിച്ചു.

ബൂത്ത് ശാക്തീകരണത്തിലൂടെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനക്ഷമത അടിമുടി മാറ്റിമറിക്കുന്നതിന് സമ്മേളനം തുടക്കം കുറിക്കും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബൂത്ത് പ്രസിഡന്‍മാരും വനിതാ വൈസ് പ്രസിഡന്റും ബിഎല്‍എമാരുമായി നേരിട്ട് സംവാദം നടത്തും. 

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിലും ബൂത്ത് തലം വരെയുള്ള ഭാരവാഹികളുമായി സംവദിക്കുന്ന മഹാസമ്മേളനം വിളിച്ചുചേര്‍ക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios