കോൺഗ്രസുകാരനായിരിക്കുകയും സിപി എമ്മിന് വേണ്ടി പ്രവർത്തിക്കുമെന്ന് പറയുകയും ചെയ്യുന്നത് ഒന്നൊന്നര തമാശയാണെന്നാണ് കെവി തോമസിന്റെ പ്രഖ്യാപനത്തോട് കെ സി വേണുഗോപാൽ പ്രതികരിച്ചത്.
ദില്ലി: തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാൽ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ട്. നടപടി എടുത്ത ശേഷം എഐസിസിയെ അറിയിച്ചാൽ മതിയെന്നും കെസി വേണുഗോപാൽ വിശദീകരിച്ചു.
കോൺഗ്രസുകാരനായിരിക്കുകയും സിപി എമ്മിന് വേണ്ടി പ്രവർത്തിക്കുമെന്ന് പറയുകയും ചെയ്യുന്നത് ഒന്നൊന്നര തമാശയാണെന്നാണ് കെവി തോമസിന്റെ പ്രഖ്യാപനത്തോട് കെ സി വേണുഗോപാൽ പ്രതികരിച്ചത്. ആര് പാര്‍ട്ടി വിട്ട് പോകും ആരു പോകുന്നുവെന്നതിനേക്കാൾ ചിന്തൻ ശിബിരത്തിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.
പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പ്രഖ്യാപിച്ചത്. സിപിഎം പാര്‍ട്ടി കോൺഗ്രസിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് കെവി തോമസിന്റെ പുതിയ നീക്കം. കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിൽ പങ്കാളിയാകുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഇടത് മുന്നണി കൺവെൻഷനിൽ കെ വി തോമസ് പങ്കെടുക്കും. കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച കെ വി തോമസ് വികസന രാഷ്ട്രീയത്തെ പിന്തുണച്ചാണ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതെന്നും വ്യക്തമാക്കുന്നു.
എന്നാൽ ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസിനെ പൂര്‍ണമായും അവഗണിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കെ വി തോമസ് പോയാലും പാര്‍ട്ടിയെയോ മുന്നണിയേയോ ഒരു തരത്തിലും ബാധിക്കില്ലെന്നും ഒരു മാറ്റവും ഉണ്ടാകില്ലെന്നുമാണ് കോൺഗ്രസ് നേതാക്കൾ പരസ്യമായും പ്രതികരിക്കുന്നത്.

