കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയ സംഭവം; അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വം
കരുനാഗപ്പള്ളിയിലെ കോൺഗ്രസുകാരുടെ കൈവിട്ട കയ്യാങ്കളി ഗൗരവത്തോടെയാണ് പാർട്ടി നേതൃത്വം കാണുന്നത്. യുഡിഎഫ് പദയാത്ര അലങ്കോലമാക്കിയ കോൺഗ്രസ് നിലപാടിനോട് ഘടകകക്ഷികൾക്ക് കടുത്ത എതിർപ്പാണ്.

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയ സംഭവത്തിൽ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വം. യുഡിഎഫ് പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകർ അച്ചടക്കം പാലിച്ചില്ലെന്ന പരാതി ഘടകകക്ഷികൾക്കുമുണ്ട്. അതേസമയം കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ ഗ്രൂപ്പുകൾ ഉന്നയിച്ച പരാതികളോട് മുഖം തിരിക്കുകയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം.
കരുനാഗപ്പള്ളിയിലെ കോൺഗ്രസുകാരുടെ കൈവിട്ട കയ്യാങ്കളി ഗൗരവത്തോടെയാണ് പാർട്ടി നേതൃത്വം കാണുന്നത്. യുഡിഎഫ് പദയാത്ര അലങ്കോലമാക്കിയ കോൺഗ്രസ് നിലപാടിനോട് ഘടകകക്ഷികൾക്ക് കടുത്ത എതിർപ്പാണ്. ആർഎസ്പി അടക്കമുള്ള പാർട്ടികൾ കെപിസിസി നേതൃത്വത്തെ വിഷയം ധരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ലീഗൽ സെൽ ജില്ലാ ചെയർമാൻ ശുഭദേവിനെ പാർട്ടി ചുമതലപ്പെടുത്തിയത്. മണ്ഡലം പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ജില്ലയിലെ വിവിധ ഇടങ്ങളിൽ തർക്കം രൂക്ഷമായത്. 133 പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിൽ കെ സി വേണുഗോപാൽ കൊടിക്കുന്നിൽ സുരേഷ് പക്ഷക്കാരെ അധികമായി ഉൾപ്പെടുത്തിയെന്നായിരുന്നു എ ഐ ഗ്രൂപ്പുകളുടെ പരാതി. വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന ആക്ഷേപവുമായി ഗ്രൂപ്പുകൾ സംസ്ഥാന നേതൃത്വത്തെയും സമീപിച്ചിരുന്നു.
Also Read: 'ഹമാസിന്‍റെ പീക്കിരി പിള്ളേരുടെ ഏറ് കൊണ്ട് തിരിഞ്ഞോടി ഇസ്രയേല്‍ സൈന്യം'; വീഡിയോ പുതിയതോ? Fact Check
എന്നാൽ ഇത്തരം ആക്ഷപങ്ങൾക്ക് ഡിസിസി പ്രസിഡന്റ് അടക്കമുള്ള ജില്ലയിലെ നേതാക്കൾ ചെവി കൊടുക്കുന്നില്ല. പരാതികളും പരിഭവങ്ങളും സ്വാഭാവികമെന്ന് ഡിസിസി അധ്യക്ഷൻ പി രാജേന്ദ്രപ്രസാദ് പ്രതികരിച്ചു. 20 തവണ പുനഃസംഘടന സമിതി യോഗം ചേർന്ന ശേഷമാണ് മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ ഇനിയൊരു മാറ്റത്തിന് സാധ്യത കുറവാണ്. പക്ഷെ വിഷയം സംസ്ഥാന ഗ്രൂപ്പ് നേതാക്കൾ കൂടി ഏറ്റെടുത്താൽ സ്ഥിതി വഷളാകും.