കൊല്ലം കരുനാഗപ്പള്ളിയിൽ യുഡിഎഫ് പദയാത്രക്കിടെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളി
പ്രവർത്തകർ തമ്മിലുള്ള തർക്കം കാരണം പദയാത്ര സ്വീകരണം പൂർത്തിയാക്കാതെ അവസാനിപ്പിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌മാരുടെ പുനഃസംഘടന അടക്കമുള്ള വിഷയങ്ങൾ കാരണമാണ് തർക്കമുണ്ടായത്

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ യുഡിഎഫ് പദയാത്രക്കിടെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ പോർവിളിയും കൈയാങ്കളിയും. തർക്കം കാരണം പദയാത്ര സ്വീകരണം പൂർത്തിയാക്കാതെ അവസാനിപ്പിക്കേണ്ടി വന്നു. മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരുടെ പുനഃസംഘടന അടക്കമുള്ള വിഷയങ്ങൾ കാരണമാണ് തർക്കമുണ്ടായത്. ഇന്നലെയായിരുന്നു സംഭവം ഉണ്ടായത്. സംസ്ഥാന വ്യാപകമായി യുഡിഎഫ് മണ്ഡലം തലത്തിൽ പദയാത്രകൾ നടത്തി വരുകയാണ്. ഇതിന്റെ ഭാഗമായാണ് കരുനാഗപ്പള്ളിയിലും പദയാത്ര നടന്നത്.
കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
ഇന്നലെ കരുനാഗപ്പള്ളിയിലെ ആലുങ്കലിൽ നടത്താനിരുന്ന പദയാത്ര സ്വീകരണത്തിന് മുൻപാണ് കരുനാഗപ്പള്ളി ടൗൺ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായത്. മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌മാരുടെ പുനഃസംഘടനയിലുള്ള തർക്കങ്ങൾക്ക് പുറമേ ചില പ്രദേശിക വിഷയങ്ങളിലുള്ള തർക്കങ്ങളും കൈയാങ്കളിക്ക് കാരണമായി. തർക്കത്തിനിടയിൽ ജാതീയമായ പരാമർശങ്ങളടക്കം പ്രവർത്തകർ തമ്മിലുണ്ടായി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
Also Read: കരുവന്നൂർ തട്ടിപ്പ് കേസ്; സിപിഎം നേതാവ് പി വി അരവിന്ദാക്ഷന് ഇന്ന് നിര്‍ണായകം, ജാമ്യഹർജി കോടതിയില്‍
നേരത്തെ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌മാരുടെ പുനസംഘടനയിൽ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയിലുൾപ്പടെ പലയിടത്തും തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. കൊല്ലം ജില്ലയിലെ 136 മണ്ഡലങ്ങളിൽ 133 മണ്ഡലങ്ങളിലേക്കുള്ള പ്രസിഡന്റുമാരെ ഇന്നലെ കെപിസിസി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ ജില്ലയിലെ പരമ്പരാഗതമായ എ,ഐ ഗ്രുപ്പ് നേതാക്കൾ കെപിസിസിക്ക് പരാതി കൈമാറിയിരുന്നു. ഏകപക്ഷീയമായാണ് മണ്ഡലം പ്രസിഡന്റുമാരെ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ തീരുമാനിച്ചത് എന്നായിരുന്നു ഇവരുടെ പരാതി. കൊടിക്കുന്നിൽ സുരേഷും കെസി വേണുഗോപാലും ഉൾപ്പടെയുള്ളവർ മണ്ഡലം കമ്മിറ്റികൾ പിടിച്ചെടുക്കുന്നെന്നും ഇവർ പരാതിയിൽ ആരോപിക്കുന്നു.