യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവരാണ് ഹൈടെക്ക് കോപ്പിയടിയിലൂടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടിയിലെ ഉന്നതറാങ്കുകാരായത്. തട്ടിപ്പിന് സഹായിച്ചത് ഒരു പൊലീസുകാരനും മുൻ എസ്.എഫ്ഐ പ്രവർത്തകരും

തിരുവനന്തപുരം: പിഎസ്സി നടത്തിയ കോണ്‍സ്റ്റബിൾ പരീക്ഷ എസ് എഫ് ഐ പ്രവർത്തകർ കോപ്പിയടിച്ച് പാസായ കേസിൽ നാലു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യപ്രതിയായ പൊലീസുകാരനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടും കുറ്റപത്രം നൽകാതെ ഒളിച്ചുകളി തുടരുന്നു.

ലക്ഷക്കണക്കിന് തൊഴിലന്വേഷകരുടെ ആശ്രയമായ പി.എസ്.സി.പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യം ചെയ്യപ്പെട്ട അട്ടിമറിയായിരുന്നു കോണ്‍സ്റ്റബിള്‍ പരീക്ഷ തട്ടിപ്പ്. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവരാണ് ഹൈടെക്ക് കോപ്പിയടിയിലൂടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടിയിലെ ഉന്നതറാങ്കുകാരായത്. തട്ടിപ്പിന് സഹായിച്ചത് ഒരു പൊലീസുകാരനും മുൻ എസ്.എഫ്ഐ പ്രവർത്തകരും. 

പരീക്ഷ ഹാളിൽ നിന്നും ചോർത്തിയെടുത്ത ചോദ്യപേപ്പർ പരിശോധിച്ച് പൊലീസുകാരനായ ഗോകുലും മറ്റ് രരണ്ട് സുഹൃത്തുക്കളുമായ സഫീറും പ്രവീണും ചേർന്ന് സ്മാർട്ട് വാച്ച് വഴിയാണ് പരീക്ഷാഹാളിലുണ്ടായിരുന്ന മൂന്ന് പേർക്കും ഉത്തരം നൽകിയത്. കേരളം കണ്ട ഏറ്റവും വലിയ പരീക്ഷ തട്ടിപ്പ് നടന്നത് 2018 ഓഗസ്റ്റ് എട്ടിനായിരുന്നു പരീക്ഷ. റാങ്ക് പട്ടിയിൽ ഉയർന്ന മാർക്ക് നേടി സ്ഥാനം പിടിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോള്‍ ഇതേ ചോദ്യ പേപ്പർ നൽകി പരീക്ഷ നടത്തി. അഞ്ചുമാർക്കുപോലും പ്രതികള്‍ക്ക് കിട്ടിയില്ല.

ഞെട്ടിപ്പിച്ച തട്ടിപ്പ് നടന്ന് നാലു വർഷം കഴിഞ്ഞിട്ടും പ്രതികള്‍ക്ക് ശിക്ഷവാങ്ങി നൽകി പിഎസ്സിയുടെ സുതാര്യ ഉയർത്തിപ്പിടിക്കാൻ സർക്കാരിന് ഒരു താൽപര്യമില്ല. പല കാരണങ്ങൾ പറഞ്ഞ് ഉഴപ്പിയ ക്രൈം ബ്രാഞ്ച് കേസിൽ നടത്തുന്നത് മെല്ലെപ്പോക്ക്

പ്രതികളുടെ മൊബൈലിൻെറയും വാച്ചിൻെറയും ഫൊറൻസിക് ഫലം നീളുന്നതാണ് കുറ്റപത്രം വൈകുന്നതിൻറെ കാരണമായി ആദ്യം ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നത്. അത് രണ്ടും ലഭിച്ചുകഴിഞ്ഞു. പിന്നീട് ഗൂ‍ഢാലോചനക്കേസിലെ പൊലീസുകാരന് പ്രോസിക്യൂഷൻ അനുമതി നൽകുന്നതിലെ കാലതാമാസം ക്രൈം ബ്രാഞ്ച് ഉന്നയിച്ചു. ഇപ്പോള്‍ അതും കിട്ടിയിട്ടും കുറ്റപത്രം വൈകുകയാണ്. 

പിഎസ് സി തട്ടിപ്പ് അന്വേഷിക്കുന്ന സംഘത്തിന് എകെജി സെൻറർ ആക്രമണകേസ് അടക്കമുള്ള കൂടുതൽ കേസുകളുടെ ചുമതലകിട്ടിയതാണ് കുറ്റപത്രം നീളുന്നതിൻറെ പുതിയ കാരണമായി നിരത്തുന്നത്. ഗൂഢാലോചനക്കേസില്‍ പ്രതിയായ പൊലീസുകാരൻ തട്ടിപ്പ് നടത്തിയ ദിവസം ഡ്യൂട്ടിലുണ്ടായിരുന്നുവെന്ന് വരുത്തി തീ‍ർക്കാൻ വരെ രണ്ട് പൊലീസുകാർ വ്യാജ രേഖയുണ്ടാക്കിയിരുന്നു. കേസിൽ പ്രതിയാക്കിയ അവരെ ഒഴിവാക്കി വകുപ്പ്തല നടപടിയാക്കി. പരീക്ഷ ഹാളിൽ ഡ്യൂട്ടിലുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥരെയും പ്രതിയാക്കിയെങ്കിലും അവരെയും പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കി വകുപ്പ്തല നടപടിയിലേക്കൊതുക്കി. ഫലത്തിൽ പ്രതികളെല്ലാം ജാമ്യത്തിൽ വിലസുന്നു.

പിഎസ്സി പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; പൊലീസ് ഓഫീസറോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മിഷന്‍