കേരളാ തീരത്ത് കടലിൽ വീണ കണ്ടെയ്‌നറുകളിൽ ഉള്ളത് അത്യന്തം അപകടകാരിയായ ഇന്ധനം

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണത് കപ്പൽ അപകടത്തിൽപെട്ടെന്ന് വിവരം. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക് പോയ ലൈബീരിയൻ കപ്പലാണ് അപകടത്തിൽപെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കപ്പലിൽ 22 മുതൽ 24 വരെ ആളുകൾ ജീവനക്കാരായി ഉണ്ടായിരുന്നുവെന്നാണ് വിവരം. ജീവനക്കാരെ രക്ഷിക്കാൻ ജീവൻ രക്ഷാ ഉപകരണങ്ങൾ കപ്പലിലേക്ക് ഹെലികോപ്റ്ററിൽ നിന്നും ഇട്ടുനൽകി. വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലെത്തി പിന്നീട് തൂത്തുകുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പൽ. ഇന്ന് രാത്രി 10നാണ് കപ്പൽ കൊച്ചിയിൽ എത്തേണ്ടിയിരുന്നത്. നിലവിൽ കേരളാ തീരത്തിനടുത്ത് കടലിൽ ചരിഞ്ഞുകിടക്കുന്ന നിലയിലാണ് കപ്പൽ.

നാവികസേനയുടെ ഡോർണിയർ ഹെലികോപ്റ്ററും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് തിരിച്ചു. മറൈൻ ഗ്യാസോയിൽ, വെരി ലോ സൾഫ‍ർ ഫ്യുവൽ എന്നിവയാണ് കണ്ടെയ്‌നറുകളിൽ ഉള്ളതെന്നാണ് വിവരം. കണ്ടെയ്‌നറുകൾ കേരളാ തീരത്ത് അടിഞ്ഞാൽ പൊതുജനം അതിൽ തൊടരുതെന്നും വിവരം ഉടൻ 112 ൽ അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുമാണ് മുന്നറിയിപ്പ്. കേരളത്തിൽ വടക്കൻ തീരത്ത് ഇവ അടിയാനാണ് കൂടുതൽ സാധ്യത. കപ്പൽ അപകടത്തെ തുട‍ർന്ന് കടലിൽ എണ്ണപ്പാട ഉണ്ടാകുന്നുണ്ട്. ഇന്നലെ വൈകീട്ട് വിഴിഞ്ഞത് നിന്ന് കൊച്ചിയിലേക്ക് പോയ ഫീഡർ കപ്പലാണിതെന്നാണ് വിവരം. 

കാലവർഷാരംഭത്തെ തുടർന്ന് അതിരൂക്ഷമായ കടൽക്ഷോഭത്തിൽപെട്ടാണ് കപ്പൽ അപകടത്തിൽപെട്ടതെന്നാണ് വിവരം. തീരദേശത്തേക്ക് ഒഴുകി വരുന്ന വസ്‌തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾ 112 - ൽ അറിയിക്കണമെന്നാണ് അറിയിപ്പ്. തീരദേശ പൊലീസ് കേരളാ തീരത്തെ സ്ഥലങ്ങളിൽ മൈക്കിലൂടെ അനൗൺസ്മെൻ്റ് നടത്തി ജാഗ്രത പാലിക്കാൻ അറിയിക്കും. 

YouTube video player