Asianet News MalayalamAsianet News Malayalam

കൊവിഡ്: ബ്രിട്ടീഷ് പൗരന്‍റെ നില തൃപ്തികരം; കൊച്ചിയിലുണ്ടായിരുന്ന സമയത്തെ വിവരങ്ങള്‍ ഇന്ന് പുറത്തുവിട്ടേക്കും

ആറാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ അടങ്ങുന്ന സംഘം നെടുമ്പാശ്ശേരിയിൽ എത്തിയത്. തുടർന്ന് കൊച്ചി ഐലൻഡിലെ ഹോട്ടലിൽ രണ്ട് ദിവസം താമസിച്ചിരുന്നു.

coronavirus confirmed british citizens health condition satisfactory
Author
Kochi, First Published Mar 16, 2020, 6:09 AM IST

കൊച്ചി: കൊവിഡ് 19 രോഗം സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൊച്ചിയിലുണ്ടായിരുന്ന സമയത്ത് ഇയാൾ സന്ദർശിച്ച സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇന്ന് പുറത്തുവിട്ടേക്കും. പ്രതിരോധ പ്രവർത്തനങ്ങളിലും പരിശോധനകളിലും ആരോഗ്യ വകുപ്പിനെ സഹായിക്കാൻ പൊലീസും രംഗത്തെത്തിയിട്ടുണ്ട്.

ആറാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ അടങ്ങുന്ന സംഘം നെടുമ്പാശ്ശേരിയിൽ എത്തിയത്. തുടർന്ന് കൊച്ചി ഐലൻഡിലെ ഹോട്ടലിൽ രണ്ട് ദിവസം താമസിച്ചിരുന്നു. എട്ടാം തീയതി തൃശ്ശൂരിലേക്ക് പോകുന്നതിനു മുമ്പ് എവിടെയെല്ലാം സന്ദർശനം നടത്തിയെന്നുള്ള വിവരങ്ങളാണ് ആരോഗ്യ വകുപ്പ് ശേഖരിക്കുന്നത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരിലൊരാൾ ചികിത്സയിലുള്ള ആളുമായി നേരിട്ട് സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഒപ്പം ടൂർ ഗൈഡിൽ നിന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് ഉറപ്പ് വരുത്താൻ ആറംഗ സംഘത്തെ ആരോഗ്യ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. പരിശോധനക്ക് ശേഷം റൂട്ട് മാപ്പ് തയ്യാറാക്കും. 

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. സംഘത്തിലുണ്ടായിരുന്ന പതിനേഴ് പേരും നെടുമ്പാശ്ശേരിയിൽ ഹോട്ടലിൽ നിരീക്ഷണത്തിലാണ്. ഒപ്പം ഇവരെ എത്തിച്ച വാഹനത്തിലെ രണ്ട് ജീവനക്കാരെയും ടൂർ ഗൈഡിനെയും നിരീക്ഷിക്കുന്നുണ്ട്. ഐലൻഡിൽ ഇവർ താമസിച്ച ഹോട്ടലിൽ രോഗം സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയ ജീവനക്കാരോട് നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജ്, മൂവാറ്റുപുഴ ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി 32 പേരാണ് നിരീക്ഷണത്തിലുള്ളത്. 

കാലാവധി അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്നലെ 22 പേരെ ഒഴിവാക്കിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് കളമശ്ശേരിയിൽ ചികിത്സയിലുള്ള മൂന്ന് വയസ്സുകാരന്‍റെയും മാതാപിതാക്കളുടെയും അസുഖം മാറിയിട്ടില്ലെങ്കിലും ആരോഗ്യ നില തൃപ്തികരമാണ്. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 680 ആയി. നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും കാണാതായ രണ്ടു വിദേശികൾ ആലുവ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios