തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിലെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഏഴ് പേർ ഐസൊലേഷൻ വാർഡിലാണ്. 197 പേരാണ് ഇന്ന് മുതൽ നിരീക്ഷണത്തിലുള്ളത്. 10 പേരുടെ സാമ്പിളുകൾ അയച്ചതിൽ ആറ് പേരുടേത് നെഗറ്റീവ് ആണെന്ന് ഫലം വന്നു. ബാക്കി നാലുപേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. കണ്‍ട്രോള്‍ റൂമിലെ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വീട്ടിലെ നിരീക്ഷണത്തിന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെയും വാർഡ് കൗൺസിലർമാരുടേയും സഹായം തേടാമെന്ന് മന്ത്രി പറഞ്ഞു. ചൈനയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ മടക്കി കൊണ്ടുവരണമെന്നും അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. കൊച്ചിക്ക് പുറമേ തിരുവനന്തപുരം വിമാനത്താവളത്തിലും നിരീക്ഷണം ഏര്‍പ്പെടുത്തി.

Also Read: വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും, ഇന്ത്യയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ലെന്ന് കേന്ദ്രം

അതേസമയം, കോറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 106 ആയി. തലസ്ഥാന നഗരമായ ബീജിങിൽ ഒരാൾ മരിച്ചു. 4500 പേർക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹനുൾപ്പെടെയുള്ള പല നഗരങ്ങളും അടഞ്ഞുകിടക്കുകയാണ്. ചൈനീസ് പ്രധാനമന്ത്രി ലി കുചിയാങ് വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ചൈനയിലെത്തിയ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ മന്ത്രിമാരുമായും ആരോഗ്യവിദഗ്ധരുമായും ചർച്ച നടത്തി. ചൈനക്ക് പുറമേ 16 രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.