കോടതി ഉത്തരവുള്ളപ്പോൾ കൊടി തോരണങ്ങൾ വയ്ക്കാൻ അനുമതി വേണമെന്ന് പാർട്ടികൾ പറയുന്നു. എന്നാൽ ഇത് കോടതിയിൽ പറയാൻ ധൈര്യം കാണിക്കുന്നില്ലെന്നും വിമര്‍ശനം.

കൊച്ചി: പാതയോരത്തെ കൊടിതോരണങ്ങൾ നീക്കണമെന്ന ഹൈക്കോടതി (High Court) ഉത്തരവിനെതിരെ സർവ്വകക്ഷി യോഗം (All Party Meeting) വിളിച്ച സർക്കാർ നടപടിയിൽ വിമർശനവുമായി ഹൈക്കോടതി. കൊടിതോരണങ്ങൾ സ്ഥാപിക്കാൻ അനുമതി വേണമെന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം കോടതിയിൽ ആവശ്യപ്പെടാൻ ധൈര്യം കാണിക്കാറില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കോടതി ഉത്തരവ് മറികടക്കാനാണ് സർവ്വകക്ഷി യോഗം വിളിച്ചതെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവുകളോട് ഇതാണ് സമീപനം എങ്കിൽ പുതിയ കേരളം എന്ന് പറയരുതെന്നും കുറ്റപ്പെടുത്തി. നേരത്തെ സിപിഎം സമ്മേളനത്തിന് കൊച്ചി നഗരത്തിൽ അനധികൃതമായി കൊടിമരങ്ങൾ നാട്ടിയത് ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സർവ്വകക്ഷിയോഗം വിളിച്ചത്. 

YouTube video player

യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രചാരണങ്ങൾക്കെതിരെ അതിശക്തമായി നിലപാടാണ് ഹൈക്കോടതി സ്വീകരിച്ച് വരുന്നത്. കൊടിതോരണങ്ങളും ബോ‍ർഡുകളും സ്ഥാപിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം പ്രധാനപ്പെട്ട എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ യോഗത്തില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രീയ പാർട്ടികൾക്കും സാമുദായിക സാംസ്കാരിക സംഘടനകൾക്കും പ്രചാരണത്തിന് അവസരം നിഷേധിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. സ്വകാര്യ മതിലുകൾ കോമ്പൗണ്ടുകൾ എന്നിവിടങ്ങളിൽ ഉടമസ്ഥരുടെ അനുമതിയോടെ ഗതാഗതം ബാധിക്കാതെ കൊടിതോരണങ്ങൾ കെട്ടാം, സമ്മേളനങ്ങൾ ഉത്സവങ്ങൾ എന്നിവയോട് അനുബന്ധിച്ച് പാതയോരങ്ങളിൽ മാർഗ തടസമുണ്ടാക്കാതെ താത്കാലികമായി അലങ്കാര പ്രചാരണങ്ങൾ, എത്ര ദിവസം മുമ്പ് കെട്ടാമെന്നും എപ്പോൾ നീക്കാമെന്നുമുള്ള മുൻകൂർ അനുമതി തുടങ്ങിയവയാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ. ഇത് യോഗം അംഗീകരിച്ചു. അഡ്വക്കേറ്റ് ജനറൽ ഈ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും.