സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സ്ഥിരീകരിച്ചതോടെയാണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
വയനാട്: അട്ടപ്പാടി മധുകൊലക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ മണ്ണാർക്കാട് വിചാരണക്കോടതി ശനിയാഴ്ച വിധി പറയും. മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ സാക്ഷികളെ സ്വാധീനിച്ച കാര്യങ്ങൾ അടക്കം സൂചിപ്പിച്ച്, ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികൾക്ക് ജാമ്യം നൽകുന്നത് കുടുംബത്തിന് ഭീഷണിയാണെന്ന് മധുവിൻ്റെ അമ്മ മല്ലിയും കോടതിയെ അറിയിച്ചു. 11 പ്രതികളാണ് നിലവിൽ വിചാരണത്തടവുകാരായുള്ളത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സ്ഥിരീകരിച്ചതോടെയാണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. കേസിൽ ഇന്നത്തെ സാക്ഷി വിസ്താരവും പൂർത്തിയായി.
അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നലെ നാല് സാക്ഷികളെ വിസ്തരിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ സാക്ഷികൾ പ്രോസിക്യൂഷൻ അനുകൂല മൊഴിയിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. ഇന്നലെ വിസ്താരം പൂർത്തിയാകാതിരുന്ന 97-ാം സാക്ഷിയും സൈബർ സെൽ അംഗവുമായ വി.വിനുവിൻ്റെ വിസ്താരവും ഇന്നലെ പൂർത്തിയായി.
ഇൻ്റർനെറ്റ് ആക്സസ് ഉണ്ടെങ്കിൽ റിമോട്ട് കൺട്രോളായിട്ട് ഫോൺ പ്രവർത്തിപ്പിക്കാൻ കഴിയും. ഇത് തടയാനാണ് കസ്റ്റഡിയിലെടുത്ത ഫോണുകൾ ബ്രൌൺ പേപ്പറിന് പുറമെ, അലുമിനിയം ഫോയിൽ പേപ്പറും ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിച്ചതെന്ന് പ്രതിഭാഗത്തിൻ്റെ ചോദ്യത്തിനിടെ സാക്ഷി വിശദീകരിച്ചു.
എന്തു കൊണ്ടാണ് മധുകൊലക്കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലെ ദൃശ്യങ്ങൾ ശേഖരിക്കാൻ വൈകിയതെന്നും പ്രതിഭാഗം ചോദിച്ചു. ലോകത്താകെ ഫെയ്സ്ബുക്കിന് അയർലൻഡ് കേന്ദ്രമായി ഒരു ഫെയ്സ്ബുക്ക് ലോ എൻഫോഴ്സ്മെന്റ് സെന്ററാണുള്ളതെന്നും, അവിടെ നൽകുന്ന അപേക്ഷകൾ ക്രമപ്രകാരം മാത്രമേ തീർപ്പാക്കൂകയുള്ളൂവെന്നും ഇതാണ് വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ കാലതാമസം നേരിടാൻ കാരണമെന്നും അദ്ദേഹം മൊഴി നൽകി. കേസിലെ 104 മുതൽ 107 വരെയുള്ള സാക്ഷികളെ നാളെ വിസ്തരിക്കും. കാഴ്ച പരിശോധനയ്ക്കു വിധേയനായ സാക്ഷി സുനിൽകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന പ്രോസിക്യൂഷൻ്റെ ഹർജി തീർപ്പാക്കുന്നതിൻ്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ടി.കെ.സുബ്രഹ്മണ്യനെ കോടതി ഇന്ന് വിസ്തരിച്ചു.
അട്ടപ്പാടി മധുകൊലക്കേസ്: ഇന്ന് വിസ്തരിച്ച നാല് സാക്ഷികളും മൊഴിയിൽ ഉറച്ചു നിന്നു
