Asianet News MalayalamAsianet News Malayalam

കാസര്‍കോട്ടെ കൊവിഡ് രോഗിക്ക് സ്വര്‍ണക്കടത്ത് ബന്ധം സംശയിച്ച് അധികൃതര്‍

കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇയാള്‍ നഗരത്തിലെ ഒരു ജ്വല്ലറിയിലെത്തി. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ചിലര്‍ ഇയാളെ വന്ന് കാണുകയും ചെയ്തു. 

Covid 19 kasaragod native contact list big crisis to health officials
Author
Kasaragod, First Published Mar 21, 2020, 1:55 PM IST

കാസര്‍കോട്/ കോഴിക്കോട്: കൊവിഡ് 19 ബാധിച്ച കാസര്‍കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാകാതെ ആരോഗ്യ വകുപ്പ്. വിചിത്രമായ സഞ്ചാര പഥമുള്ള ആളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾ അക്ഷരം പ്രതി ശരിവക്കുന്നതാണ് ഇയാളുടെ റൂട്ട് മാപ്പെന്നാണ് കിട്ടുന്ന വിവരം. എവിടെയൊക്കെ പോയി ആരെയൊക്കെ കണ്ടു എന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ അന്വേഷണത്തിന് കൃത്യമായ മറുപടി നൽകാൻ ഇത് വരെ ഇയാൾ തയ്യാറായിട്ടുമില്ല.  അതേസമയം കോഴിക്കോട്ടും കാസര്‍കോട്ടേക്കുള്ള വഴിയിലും കാസര്‍കോട് ജില്ലയിലുമായി നിരവധിപേരുമായി ഇയാൾ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുമുണ്ട്. 

അന്വേഷണങ്ങളോട് സഹകരിക്കാത്തതിനാല്‍ ഇയാളുടെ കോഴിക്കോട്ടെ റൂട്ട് മാപ്പും തയ്യാറാക്കാനാകുന്നില്ല. ആരോഗ്യ വകുപ്പിന്‍റെ ചോദ്യങ്ങള്‍ക്ക് ഇയാള്‍ കൃത്യമായല്ല മറുപടി നല്‍കുന്നത്. കൊവിഡ് സ്ഥിരീകരിച്ച കാസര്‍കോട് എരിയാല്‍ സ്വദേശിയായ 47കാരന്‍ ദുബായില്‍ നിന്ന് ഇക്കഴിഞ്ഞ 11ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം ഒരു ദിവസം കോഴിക്കോട്ട് തങ്ങിയിരുന്നു. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ മുറിയിടുത്ത ഇയാള്‍ നഗരത്തിലെ ഒരു ജ്വല്ലറിയിലെത്തി. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ചിലര്‍ ഇയാളെ വന്ന് കാണുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് ഇയാള്‍ മാവേലി എക്സ്പ്രസില്‍ കാസര്‍കോട്ടേക്ക് പോയത്.

അതുവരെ ഇയാള്‍ നേരിട്ടോ അല്ലാതെയോ മറ്റു പലരുമായി സമ്പര്‍ക്കം പുലര്‍ത്താനുളള സാധ്യതയുമുണ്ട്. എന്നാല്‍ ഈ ആളുകള്‍ ആരെല്ലാമെന്നോ എവിടെയുളളവരെന്നോ കണ്ടെത്താന്‍ ഇയാളുടെ സഞ്ചാരപഥം തയ്യാറാക്കണം. ചോദ്യങ്ങള്‍ക്ക് ഇയാള്‍ കൃത്യമായി മറുപടി നല്‍കാത്തത് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ലെന്നാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു പറയുന്നത്. 

ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനാല്‍ ഇയാളെ ചോദ്യം ചെയ്യുന്നതിന് പരിമിതികളുണ്ടെന്ന് കാസര്‍കോട് ജില്ലാ കളക്റും അറിയിച്ചു. കരിപ്പൂര്‍ വഴി ഇയാള്‍ നിരന്തരം വന്നു പോകുന്നതുവഴിയുളള പരിചയം മുതലെടുത്താണ് ഇയാള്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടതെന്നും സൂചനയുണ്ട്. ഇയാളുടെ പേരില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നിലവില്‍ കേരളത്തിലോ വിദേശത്തോ കേസുകളുണ്ടോ എന്നതടക്കമുളള കാര്യങ്ങള്‍ അന്വേഷിക്കുകയാണ് അധികൃതര്‍ . 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios