Asianet News MalayalamAsianet News Malayalam

കേരളം നാല് സോണുകളായി ഉത്തരവിറങ്ങി: ഗ്രീനിൽ തിങ്കളാഴ്ചയ്ക്ക് ശേഷം കാര്യമായ ഇളവ്

ആരാധനാലയങ്ങൾ, തീയറ്റർ, പൊതുപരിപാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഒരു കാരണവശാലും തുറക്കില്ല. റെഡ് സോണിൽ മെയ് 3 വരെ കടുത്ത നിയന്ത്രണം തുടരും. ഗ്രീൻ സോണിൽ തിങ്കളാഴ്ചയ്ക്ക് ശേഷം കാര്യമായ ഇളവ്. 

covid 19 kerala is divided in to different zones order released details out
Author
Thiruvananthapuram, First Published Apr 17, 2020, 9:29 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കേരളത്തെ നാല് മേഖലകളാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ലോക്ക് ഡൗൺ നിയന്ത്രണച്ചട്ടങ്ങളും ഇളവുകളും വിശദമായി പറയുന്ന ഉത്തരവാണ്, കേന്ദ്രാനുമതി കൂടി വാങ്ങിയ ശേഷം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തെ പ്രധാനമായും നാല് സോണുകളായാണ് തിരിച്ചിരിക്കുന്നത്. റെഡ്, ഓറഞ്ച് (എ), ഓറഞ്ച് (ബി), ഗ്രീൻ എന്നിങ്ങനെയാണ് വിഭജനം. അതിങ്ങനെ:

  1. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം - റെഡ് സോൺ
  2. പത്തനംതിട്ട, എറണാകുളം, കൊല്ലം - ഓറഞ്ച് എ സോൺ
  3. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂർ - ഓറഞ്ച് ബി സോൺ
  4. കോട്ടയം, ഇടുക്കി - ഗ്രീൻ സോൺ

covid 19 kerala is divided in to different zones order released details out

റെഡ് സോൺ - മെയ് 3 വരെ പൂർണനിയന്ത്രണം
ഓറഞ്ച് എ - 24-ാം തീയതി വരെ സമ്പൂർണ ലോക്ക് ഡൗൺ, അതിന് ശേഷം ഭാഗിക ഇളവുകൾ
ഓറഞ്ച് ബി - ഏപ്രിൽ 20 വരെ സമ്പൂർണ ലോക്ക് ഡൗൺ, അതിന് ശേഷം, കുറച്ചു കൂടി ഇളവുകൾ
ഗ്രീൻ - ഏപ്രിൽ 20 വരെ സമ്പൂർണലോക്ക് ഡൗൺ, അതിന് ശേഷം ഇളവുകൾ

ഓറഞ്ച് എ, ബി സോണുകളിൽ ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയ ഇടങ്ങളിൽ മാത്രമാണ് ഇളവുണ്ടാകുക. ഹോട്ട്സ്പോട്ടുകളിൽ സമ്പൂർണ ലോക്ക്ഡൗൺ തന്നെ തുടരും.

നിയന്ത്രണങ്ങൾ ഓരോ സോണുകളിലും എങ്ങനെ?

ഓറഞ്ച് എ മേഖലയിൽ  24-നു ശേഷവും ഓറഞ്ച് ബി മേഖലയിൽ 20-നു  ശേഷവും സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയുണ്ടാകും. ഒറ്റ അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുറത്തിറങ്ങാം. ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് വ്യാഴം, ശനി ദിവസങ്ങളിൽ അനുമതി കിട്ടും. നാല് ചക്ര വാഹനങ്ങളിൽ  ഡ്രൈവർ അടക്കം മൂന്നു പേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. ഇരു ചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം. കുടുംബാംഗമാണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. യാത്രക്കാർക്ക് എല്ലാം മാസ്‌ക് നിർബന്ധമാണ്. 

ഓറഞ്ച് എ, ബി മേഖലയിൽ സിറ്റി ബസ് അനുവദിക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ ഇളവ്. ബസ്സിൽ രണ്ട് പേ‍ർക്ക് ഇരിക്കാനാകുന്ന സീറ്റിൽ ഒരാൾക്ക് മാത്രമേ ഇരിക്കാനാകൂ. നിന്ന് യാത്ര ചെയ്യുന്നത് അനുവദിക്കില്ല. ആളുകളെ കുത്തി നിറച്ച് കൊണ്ടുപോകാനാകില്ലെന്നർത്ഥം. ഒപ്പം ജില്ല വിട്ട് പോകുന്ന തരത്തിലുള്ള യാത്രയും അനുവദിക്കില്ല.

ഓറഞ്ച് കാറ്റഗറികളിൽ അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റോഫീസുകൾ എന്നിവ തുറക്കാം. റെഡ് സോൺ ഒഴികെ ഉള്ള മേഖലകളിൽ അവശ്യ സാധനം വിൽക്കുന്ന കടകളുടെ സമയം കൂട്ടി. രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് ഏപ്രിൽ 20-ന് ശേഷം പുതുക്കിയ സമയം. റെഡിൽ ഇത് രാവിലെ 7 മണി മുതൽ വൈകിട്ട് 5 വരെയായി തുടരും. 

റെഡ് ഒഴികെ എല്ലാ സോണുകളിലും ഹോട്ടലുകൾ തുറക്കാൻ അനുമതിയുണ്ടെന്നതും മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. രാത്രി 7 മണി വരെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. രാത്രി എട്ട് മണി വരെ പാഴ്സൽ നൽകാൻ അനുമതിയുണ്ടാകും. 

റെഡ് സോൺ ഒഴികെയുള്ള എല്ലാ സോണുകളിലും കെട്ടിട നിർമാണത്തിനും അനുമതി കിട്ടും. പക്ഷേ, സാമൂഹ്യാകലം പാലിച്ചാകണമെന്നത് നിർബന്ധമാണ്. 

Follow Us:
Download App:
  • android
  • ios