Asianet News MalayalamAsianet News Malayalam

ലോക്ക് ഡൌണിന്‍റെ രണ്ടാം ദിനവും ജനം തെരുവിൽ; വണ്ടികൾ കൂട്ടത്തോടെ പിടിച്ച് പൊലീസ്

ബോധവത്കരണവും താക്കീതും മുന്നറിയിപ്പും കഴിഞ്ഞു. മൂന്നാംദിനം പൊലീസ് കൈകൊള്ളുന്നത് നടപടിക്കും ചൂടേറി. എല്ലാ ജില്ലകളിലും വാഹന പരിശോധന കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് കുരുക്ക് മുറുകി.

Covid 19 Lock Down day 3 in Kerala Police takes strict action against defaulters
Author
Kerala, First Published Mar 26, 2020, 3:20 PM IST

തിരുവനന്തപുരം/കോഴിക്കോട്/കൊച്ചി: സംസ്ഥാന വ്യാപക ലോക്ക് ഡൗണിന്റെ മൂന്നാം ദിനം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ് പൊലീസ്. രണ്ട് തവണ മുന്നറിയിപ്പ് അവഗണിച്ച് പുറത്തിറങ്ങിയവരുടെ വാഹന രജിസ്ട്രേഷൻ റദ്ദാക്കി തുടങ്ങി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ ഇന്നും കസ്റ്റഡിയിലെടുത്തു.

ബോധവത്കരണവും താക്കീതും മുന്നറിയിപ്പും കഴിഞ്ഞു. മൂന്നാംദിനം പൊലീസ് കൈകൊള്ളുന്നത് നടപടിക്കും ചൂടേറി. എല്ലാ ജില്ലകളിലും വാഹന പരിശോധന കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് കുരുക്ക് മുറുകി. ഇവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. അത്യാവശ്യ യാത്രക്കാരുടെ പക്കല്‍ നിന്ന് സത്യവാങ്മൂലം വാങ്ങിയും നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പൊലീസ്. ഇതിനിടെ പലവിധ കാരണങ്ങളുമായി വെറുതെ റോഡിലിറങ്ങുന്നവരുമുണ്ട്. 

കാട്ടാക്കടയിൽ വാഹനപരിശോധനക്കിടെ ഇരുചക്രവാഹനത്തിലെത്തിയ യുവാവിനോട് എവിടെ പോകുകയാണെന്ന് ചോദിച്ചപ്പോൾ ജോത്സ്യനെ കാണാനെന്നായിരുന്നു മറുപടി. അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്ന താക്കീത് നല്‍കിയ പൊലീസ് ഉത്തരവ് ലംഘിച്ചു യാത്ര നടത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്ത് വാഹനം കസ്റ്റഡിയിൽ എടുത്തു.

മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് വാഹന രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്. രണ്ട് തവണ മുന്നറിയിപ്പ് അവഗണിച്ചവരുടെ വാഹന രജിസ്ട്രേഷനാണ് റദ്ദാക്കുന്നത്. അവശ്യ സാധനങ്ങൾ വാങ്ങാനെന്ന പേരിൽ നിരന്തരം പുറത്തിറങ്ങുന്നവർക്കെതിരെയും നടപടി തുടങ്ങി. സർക്കാർ നടപടികൾ കടുപ്പിക്കുമ്പോൾ നിരത്തിലും മാറ്റം പ്രകടമാണ്. 

ഇരുപത്തിയൊന്ന് ദിവസവും ഇതെ രീതിയിൽ പരിശോധന കർശനമായിരിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. വില വർദ്ധനവും പൂഴ്ത്തിവയ്പും സംബന്ധിച്ച് പരാതികൾ കൂടിയതോടെ കമ്പോളങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കി.

ഭക്ഷ്യ വസ്തുക്കൾ വാങ്ങാനെന്ന പേരിലാണ് കൂടുതൽ പേരും പുറത്തിറങ്ങുന്നതെന്നത് കൊണ്ട്, ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ ഒരുമിച്ച് വാങ്ങണമെന്നാണ് പൊലീസ് നിർദ്ദേശം. അര കിലോ പഞ്ചസാരയും തക്കാളിയും മാത്രം വാങ്ങിപോകുന്നത് അംഗീകരിക്കാനിവില്ലെന്ന് കാസർകോട് എസ് പി കെ സാബു തന്നെ പറയുന്ന സാഹചര്യമുണ്ടായി. 

എറണാകുളം നഗരത്തിൽ മാത്രം അനാവശ്യ യാത്ര നടത്തിയതിന് ഉച്ചവരെ 122 പേർ അറസ്റ്റിലായി. ഉച്ചവരെ എറണാകുളം സിറ്റിയിൽ 40ും ആലുവയിൽ 82 കേസുകളും രജിസ്റ്റർ ചെയ്തു. അറസ്റ്റിലായവരുടെ വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കർശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് വ്യക്തമാക്കി.

ജില്ലാ ഭരണകൂടവുമായി ആലോചിച്ച് കൊച്ചി നഗരത്തിൽ തെരുവിൽ കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടി പൊലീസ് സ്വീകരിക്കുമെന്ന് ഡിസിപി പൂങ്കുഴലി വ്യക്തമാക്കി. കൊവിഡ് 19ന്റെ പേരിൽ വ്യാജ ചികിത്സയെന്ന് സമൂഹ മാധ്യമങ്ങൾ വഴി പ്രചരണം നടത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോഡ് മഞ്ചേശ്വരം സ്വദേശിയായ ആൾക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. 

വടക്കൻ പറവൂരിൽ അൻപതോളം ഇതര സംസ്ഥാന തൊഴിലാളികളെ തുടർന്ന് ഉടമ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ലോക്ക്ഡൗണിൽ വരുമാനം നിലച്ചതിനെ തുടർന്ന് ഇവർക്ക് വാടക നൽകാനായിരുന്നില്ല. പൊലീസും നഗരസഭ അധികൃതരും ഇടപെട്ടതോടെയാണ് ഉടമ ഇവരെ വീട്ടിൽ തിരികെ കയറാൻ അനുവദിച്ചത്. അതേസമയം ജില്ലയിൽ കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരുമായും സന്പർക്കമുണ്ടായ മുഴുവൻ ആളുകളുടെയും വിവരം ശേഖരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഫ്രാൻസിൽ നിന്ന് തിരികെ എത്തിയ യുവാക്കൾ ആരുമായും ബന്ധമില്ലാതെ മാതൃകാപരമായാണ് വീട്ടിൽ നീരിക്ഷണത്തിൽ കഴിഞ്ഞതെന്ന് അധികൃതർ പറഞ്ഞു. 

കൊവിഡ് സ്ഥിരീകരിച്ച 37 വയസ്സുള്ള ടാക്സി ഡ്രൈവർ സന്പർക്കം പുലർത്തിയ 36 പേരുടെ പട്ടിക തയ്യാറായി.ഇതിൽ നാല് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടതോടെ സാന്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

കോഴിക്കോട് ജില്ലയില്‍ ഇന്ന് ലോക്ഡൗണ്‍ നിര്‍ദ്ദേശം അവഗണിച്ച് പുറത്തിറങ്ങിയ 56 പേർക്കെതിരെ പൊലീസ് കേസെടുത്തു.  സർക്കാർ നിര്‍ദ്ദേശം അവഗണിച്ചവരുടെ എണ്ണം ഇന്നലെ ഏറ്റവുമധികം കോഴിക്കോട്ടായിരുന്നു. അതുകോണ്ടുതന്നെ ഇതു തടയാന്‍ കര്‍ശന നടപടികളാണ് ഇന്ന് സ്വീകരിച്ചത്. ഇന്നലെയും ഇന്നുമായി പിടികൂടിയ 450തിലധികം വാഹനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കൂടുതല്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കേണ്ടിവന്നാല്‍ പൊതു സ്ഥലങ്ങള്‍ ഉപയോഗിക്കാനാണ് പോലീസ് ആലോചിക്കുന്നത്. നഗരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളിലും കടകള്‍ അടഞ്ഞു കിടക്കുകയാണ്. 

അവശ്യസാധനങ്ങളുടെ വിലകയറ്റം നിയന്ത്രിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി തുടങ്ങി. വില കൂട്ടിവില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനാണ് ഇവരുടെ തീരുമാനം. ആദ്യ മുന്നറിയിപ്പ് പല കടകള്‍ക്കും നല്‍കികഴിഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സരക്ഷണ കേന്ദ്രത്തെ കോവീഡ് ആശുപത്രിയാക്കി മാറ്റി. ജില്ലയിലെ 30 പേരുടെ പരിശോധനാഫലമാണ് ഇന്ന് വരാനുള്ളത്. ഇതിനോടകം 5 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

Follow Us:
Download App:
  • android
  • ios