Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു, 7719 പുതിയ രോഗികൾ, മരണം 161, ടിപിആർ കുറയുന്നത് ആശ്വാസമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലവിലെ ലോക്ക്ഡൗൺ 16 വരെ തുടരും. പിന്നീടുള്ള ദിവസങ്ങളിൽ ലോക്ക്ഡൗൺ സ്ട്രാറ്റജി മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്താകെ ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോധനയുമെന്നത് മാറ്റി രോഗവ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശം.

covid 19 updates from government of kerala new cases deaths and recovery on 14 june 2021
Author
Trivandrum, First Published Jun 14, 2021, 6:02 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണം കൂടി കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 11,342 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.7 ശതമാനമാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേര്‍ രോഗമുക്തി നേടി. 1,13,817 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,10,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 68,573 സാമ്പിൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,12,89,498 സാമ്പിളുകളാണ് പരിശോധിച്ചത്.

7138 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 493 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1059, എറണാകുളം 957, കൊല്ലം 782, തൃശൂര്‍ 759, പാലക്കാട് 468, മലപ്പുറം 549, ആലപ്പുഴ 518, കോഴിക്കോട് 466, കോട്ടയം 385, കണ്ണൂര്‍ 305, പത്തനംതിട്ട 314, കാസര്‍ഗോഡ് 320, ഇടുക്കി 165, വയനാട് 91 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 8, പത്തനംതിട്ട, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് 6 വീതം, തൃശൂര്‍ 5, പാലക്കാട്, വയനാട് 3 വീതം, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2289, കൊല്ലം 1976, പത്തനംതിട്ട 535, ആലപ്പുഴ 1141, കോട്ടയം 754, ഇടുക്കി 774, എറണാകുളം 1771, തൃശൂര്‍ 1147, പാലക്കാട് 1539, മലപ്പുറം 2286, കോഴിക്കോട് 1193, വയനാട് 228, കണ്ണൂര്‍ 661, കാസര്‍ക്കോട് 449 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,13,817 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,10,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,25,331 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,95,279 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,052 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1915 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 881 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും ടിപിആർ 15 നും താഴെയെത്തിയതായി അറിയിച്ചു. ആലപ്പുഴ കോഴിക്കോട് ജില്ലകളിൽ 10 ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ചക്കിടെ 10 ശതമാനം കുറവ് ടിപിആറിൽ ഉണ്ടായി. കേസുകളുടെ എണ്ണത്തിൽ 20 ശതമാനം കുറവുണ്ടായി.

എന്നാൽ ജില്ലാ തലത്തിലെ ഈ കണക്കുകൾക്കപ്പുറം തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥിതി വ്യത്യാസമാണ്. 14 തദ്ദേശ പരിധിയിൽ ടിപിആർ 35 ശതമാനത്തിലധികമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 37 എണ്ണത്തിൽ 28 നും 35 നും ഇടയിലാണ് ടിപിആർ. 127 ഇടത്ത് 21 ശതമാനത്തിന് മുകളിലാണ്.

 

  • ലോക്ക്ഡൗണിൽ തീരുമാനം നാളെ


ഉദ്ദേശിച്ച രീതിയിൽ രോഗവ്യാപനത്തിൽ കുറവ് വന്നിട്ടുണ്ട്. നിലവിലെ ലോക്ക്ഡൗൺ 16 വരെ തുടരും. പിന്നീടുള്ള ദിവസങ്ങളിൽ ലോക്ക്ഡൗൺ സ്ട്രാറ്റജി മാറ്റും. സംസ്ഥാനത്താകെ ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോധനയുമാണ് നിലവിൽ. അത് മാറ്റി രോഗവ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശം. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കും. വിശദമായ കാര്യങ്ങൾ അടുത്ത ദിവസം അറിയിക്കും.

പരിശോധന വർധിപ്പിക്കും. പുതിയ ക്യാമ്പയിൻ ആലോചിക്കുന്നുണ്ട്. വീടുകളിൽ നിന്നാണ് രോഗം ഇപ്പോൾ പടരുന്നത്. അത് തടയാൻ മാർഗം സ്വീകരിക്കും. 119 ആദിവാസി കോളനികളുടെ 10 കിലോമീറ്റർ ചുറ്റളവിൽ വാക്സീൻ സൗകര്യമില്ല. അവിടങ്ങളിൽ ക്യാമ്പും നടത്താനായില്ല. 362 കോളനികളിൽ സ്പെഷൽ ക്യാമ്പ് നടത്തി. അവശേഷിക്കുന്നവയിലും ക്യാമ്പുകൾ ഉടൻ പൂർത്തിയാക്കണം എന്ന് നിർദ്ദേശം നൽകി.

മരണസംഖ്യയുടെ വർധനവ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് അനുപാതികമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. ഗുരുതരമായ അസുഖം ഉള്ളവരാണ് മരിച്ചവരിൽ അധികവുമെന്നും പിണറായി പറഞ്ഞു. പ്രമേഹം പോലുള്ള രോഗമുള്ളവർ പ്രതിരോധത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. ആരോഗ്യസംവിധാനം പുലർത്തിയ മികവാണ് മരണനിരക്ക് കുറയാൻ കാരണം. അതിവ്യാപന ശേഷിയുള്ള വൈറസിനെയാണ് ചെറുക്കുന്നത്. മൂന്നാം തരംഗം തടയാൻ ബഹുജന കൂട്ടായ്മ വേണം. ലോക്ക്ഡൗൺ കൊണ്ട് മാത്രം ഇതാകെ നേടാനാവില്ല. മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. 

ലോക്ക്ഡൗൺ സംസ്ഥാനത്ത് പൊതുവെ പൂർണമാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി, അസൗകര്യങ്ങൾ പരിഗണിക്കാതെ ലോക്ക്ഡൗണിനോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. വ്യാപന നിരക്ക് കൂടുതലുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യം കൂടുതൽ നാളുകളിൽ തുടർന്നേക്കും. ലോക്ക്ഡൗൺ പിൻവലിച്ചാലും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണം. ഡെൽറ്റ വൈറസ് കാരണം രോഗം ഭേദമായവരിലും വാക്സീൻ എടുത്തവരിലും രോഗബാധ ഉണ്ടായേക്കും. ഇത്തരക്കാരിൽ കഠിനമായ രോഗലക്ഷണവും മരണസാധ്യതയും കുറവാണ്. എങ്കിലും ക്വാറന്റീനും ചികിത്സയും വേണ്ടിവരും. വാക്സീൻ എടുത്തവരും രോഗം ഭേദമായവരും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണം.

കൊവിഡ് വാക്സീൻ ലഭിക്കുന്ന മുറയ്ക്ക് വാക്സീനേഷൻ അതിവേഗം പൂർത്തിയാക്കാനാണ് ശ്രമം. എന്നാൽ എത്ര ശ്രമിച്ചാലും സാമൂഹ്യ പ്രതിരോധം കൈവരിച്ച് രോഗനിയന്ത്രണം കൈവരിക്കാൻ മാസങ്ങളും വർഷങ്ങളും എടുത്തേക്കും. അതിവ്യാപനമുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്തുണ്ട്. മറ്റൊരു ലോക്ക്ഡൗണിലേക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാൻ എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. കൊവിഡ് ചികിത്സയ്ക്കൊപ്പം കൊവിഡ് ഇതര രോഗികൾ ചികിത്സയ്ക്ക് വരുന്നുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞാൽ സർക്കാർ ആശുപത്രികളിൽ കൊവിഡ് ഇതര രോഗികളെ കൂടുതലായി പരിചരിക്കും. ആരും ആശങ്കപ്പെടേണ്ടതില്ല.

ടെലിമെഡിസിൻ സംവിധാനം കൂടുതൽ വിപുലീകരിക്കും. മൂന്നാം തരംഗത്തെ പറ്റി അതിശയോക്തി കലർന്ന റിപ്പോർട്ടുകളിൽ ഭയപ്പെടേണ്ട. അതിനെ നേരിടാൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്. പുതിയ തരംഗം താനേ ഉണ്ടാവില്ല. നിയന്ത്രണങ്ങളിൽ വീഴ്ച ഉണ്ടായാലാണ് പുതിയ തരംഗം ഉണ്ടാവുക. എല്ലാവരും ഇത് അറിയണം. എല്ലാവരും ഇതൊഴിവാക്കാൻ ഒത്തുചേർന്ന് ശ്രമിക്കണം.

ഇതുവരെ 11212353 ഡോസ് വാക്സീനാണ് ജൂൺ 13 വരെ സംസ്ഥാനത്ത് വിതരണം ചെയ്തത്. ആരോഗ്യപ്രവർത്തകരിൽ 524128 പേർക്ക് ആദ്യ ഡോസും 406035 പേർക്ക് രണ്ടാം ഡോസും നൽകി.

കുട്ടികളിൽ അപൂർവമായി കാണുന്ന മൾട്ടി സിസ്റ്റം ഇൻഫർമേറ്ററി സിൻഡ്രോം കണ്ടെത്താനും നടപ്പാക്കാനും നിർദ്ദേശം നൽകി. ആശുപത്രികളിൽ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യം വർധിപ്പിക്കാനുള്ള പരിശ്രമം നടക്കുന്നു. ലോക രക്തദാന ദിനമാണ് ഇന്ന്. രക്തദാനത്തിന്റെ അനിവാര്യതയെ കുറിച്ച് ജനത്തെ ബോധവത്കരിക്കാനാണ് ഈ ദിവസം ഉപയോഗിക്കുന്നത്. അതിനായി സമൂഹം കൂടുതൽ സന്നദ്ധതയോടെ മുന്നോട്ട് വരണം.

നാല് ലക്ഷം യൂണിറ്റ് രക്തമാണ് സംസ്ഥാനത്ത് ആവശ്യമായി വരുന്നത്. ഇതിൽ 70 ശതമാനമാണ് സന്നദ്ധ സേവകരുടെ ഭാഗത്ത് നിന്ന് കിട്ടുന്നത്. ഇക്കാര്യത്തിൽ സംഘടനകളും വ്യക്തികളും സജീവമായി ഇടപെടുന്നുണ്ട്. എന്നാൽ ആവശ്യമായ അളവിൽ രക്തം ലഭ്യമാകുന്നില്ല. വ്യാപനം കുറയുന്നതോടെ നിലവിൽ മാറ്റിവെച്ച ശസ്ത്രക്രിയ നടത്തേണ്ടത് രക്തത്തിന്റെ ക്ഷാമം വന്നേക്കും. പരമാവധിയാളുകൾ രക്തദാനത്തിനായി മുന്നോട്ട് വരണം. യുവജന സംഘടനകൾ അതിന് നേതൃത്വം നൽകണം. രക്ത ദാതാക്കളിൽ സ്ത്രീകളുടെ എണ്ണം കുറവാണ്. ആരോഗ്യവതികളായ സ്ത്രീകളും രക്തദാനത്തിൽ പങ്കെടുക്കണം. ലോക രക്തദാന ദിനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് നാടിന് വേണ്ടി പ്രവർത്തിക്കണം.

പൊലീസ് സേനാംഗങ്ങൾ അടക്കം വിവിധ തുറകളിലുള്ളവർ ഇന്ന് രക്തം ദാനം ചെയ്യാൻ തയ്യാറായി. അത് മാതൃകാപരമാണ് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിൽ കാലവർഷം സജീവമായി.
 

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തൽസമയം കാണാം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios