തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 5228 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 410 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 45 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5594 പേർ ഇന്ന് രോഗമുക്തി നേടി. 19 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് ഔദ്യോഗിക കണക്കുകളനുസരിച്ച് 3682 പേരാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,472 സാമ്പിളുകളാണ് പരിശോധിച്ചത്.

ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്

എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413, തിരുവനന്തപുരം 408, ഇടുക്കി 279, കണ്ണൂര്‍ 275, പാലക്കാട് 236, വയനാട് 193, കാസര്‍ഗോഡ് 84 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

യുകെയില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് 19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നും വന്ന 74 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 51 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തന്നെ

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 94,59,221 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സമ്പർക്ക വ്യാപനം 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 738, കൊല്ലം 679, കോഴിക്കോട് 567, കോട്ടയം 483, പത്തനംതിട്ട 414, ആലപ്പുഴ 426, തൃശൂര്‍ 414, മലപ്പുറം 394, തിരുവനന്തപുരം 313, ഇടുക്കി 263, കണ്ണൂര്‍ 199, പാലക്കാട് 89, വയനാട് 185, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, എറണാകുളം, പാലക്കാട്, വയനാട് 5 വീതം, പത്തനംതിട്ട, തൃശൂര്‍ 4 വീതം, തിരുവനന്തപുരം 3, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5594 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 270, കൊല്ലം 547, പത്തനംതിട്ട 529, ആലപ്പുഴ 391, കോട്ടയം 482, ഇടുക്കി 282, എറണാകുളം 792, തൃശൂര്‍ 612, പാലക്കാട് 148, മലപ്പുറം 387, കോഴിക്കോട് 610, വയനാട് 224, കണ്ണൂര്‍ 274, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 72,392 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,35,046 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,935 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,809 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1601 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആറ് ഹോട്ട്സ്പോട്ടുകൾ കൂടി

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 6), ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ ഇട്ടിവ (1, 8), തൃക്കരുവ (5), തിരുവനന്തപുരം ജില്ലയിലെ അഴൂര്‍ (സബ് വാര്‍ഡ് 11), ഇടുക്കി ജില്ലയിലെ കടയത്തൂര്‍ (സബ് വാര്‍ഡ് 3, 4, 5, 7, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 404 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

മുഖ്യമന്ത്രിയുടെ വാക്കുകൾ

ജാഗ്രത വേണം

കഴിഞ്ഞ കുറച്ചു ദിവസത്തെ അനുഭവം എടുത്താൽ കൊവിഡ് കേസുകളും ടെസ്റ്റ് പൊസിറ്റിവീറ്റി റേറ്റും കൂടി വരികയാണെന്ന് മുഖ്യന്ത്രി വാർത്താ സമ്മേളനത്തിൽ ആശങ്കയറിയിച്ചു. ഒരു ഘട്ടത്തിൽ രോഗമുക്തരുടെ എണ്ണം രോഗികളുടെ എണ്ണത്തിന് തുല്യമോ കൂടുതലോ ആയിരുന്നുവെന്നും. നേരത്തെയുള്ള അത്രയും വർധനയില്ലെങ്കിലും വീണ്ടും രോഗമുക്തരേക്കാൾ രോഗികളുടെ എണ്ണം കൂടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തികഞ്ഞ ജാഗ്രതയോടെ വേണം ഇതിനെ സമീപിക്കാൻ. കേരളത്തിൽ പത്ത് ലക്ഷത്തിൽ 25,762 ആണെന്നാണ് കണക്ക്. ഇതിൻ്റെ പ്രത്യേക മിക്ക സംസ്ഥാനങ്ങളേക്കാളും ഇതു കൂടുതലാണ്. അതേമയം 265048 ആണ് നമ്മുടെ ടെസ്റ്റ് പെർ മില്ല്യൺ. മിക്ക സംസ്ഥാനങ്ങളേക്കാളും കൂടുതലാണ് നാം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം. എന്നാൽ കൊവിഡ് ടെസ്റ്റുകൾ ഇനിയും കൂട്ടണം എന്നാണ് സ‍ർക്കാരിൻ്റെ തീരുമാനം. കൊവിഡ് മരണനിരക്ക് കുറവാണ്. പത്ത് ലക്ഷത്തിൽ 104 പേരാണ് കേരളത്തിൽ മരിച്ചത്. നമ്മുടെ അയൽസംസ്ഥാനങ്ങളിലടക്കം ഇതുവളരെ ഉയരെയാണ്.

0.4 ശതമാനം മാത്രമാണ് കേരളത്തിലെ കേസ് ഫെറ്റാലിറ്റി റേറ്റ്. ഈ മാസത്തെ കണക്ക് പരിശോധിച്ചാൽ കേരളത്തിൽ ഒരാഴ്ചയിലുണ്ടാവുന്ന പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാനു​ഗതമായ വള‍ർച്ചയുണ്ടായിട്ടുണ്ട്. ജനുവരി 4 മുതൽ 10 വരെയുള്ള ആഴ്ചയിൽ 35296 കേസുകൾ റിപ്പോ‍ർട്ട് ചെയ്തു. 

ജനുവരി 11 മുതലുള്ള ആഴ്ചയിൽ അതു 37000 ആയും ജനുവരി 18-ൽ അതു 42000 ആയും ഉയ‍ർന്നു. കൊവിഡിലെ കണക്കുകൾ അതേപടി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഇതുവരെ സംസ്ഥാന സ‍ർക്കാർ ചെയ്തത്. കേരളത്തിൻ്റെ തീരമേഖലയിൽ സമൂഹവ്യാപനം ആദ്യം റിപ്പോ‍ർട്ട് ചെയ്തപ്പോൾ സർക്കാർ അതു പരസ്യമായി സമൂഹത്തെ അറിയിച്ചു. 

എന്നാൽ പലരും ചോ​ദിക്കുന്ന ഒരു ചോദ്യമുണ്ട് എന്തു കൊണ്ട് കേരളത്തിൽ മാത്രം ഇത്രയേറെ രോ​ഗികൾ കൂടി. നിലവിൽ രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോ‍ർട്ട് ചെയ്യുന്ന സംസ്ഥാനം കേരളത്തിലാണ്. പൊതുജനാരോ​ഗ്യപരിപാലനത്തിൽ സ്കാൻഡേവിയൻ രാജ്യങ്ങളെയാണ് ലോകത്തേറ്റവും മികച്ചതായി കണക്കാക്കുന്നത്. അവിടെ കൊവിഡിൻ്റെ രണ്ടും മൂന്നും തരം​ഗമുണ്ടായി അവിടെയൊന്നും രോ​ഗം ഇതുവരെ ശമിച്ചിട്ടില്ല. 

കേരളത്തിൽ ജനസംഖ്യയുടെ മൂന്ന് ശതമാനം പേ‍ർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. രോ​ഗികളെ കണ്ടെത്താനും ചികിത്സിക്കാനും ശേഷിയുള്ള ആരോ​ഗ്യസംവിധാനും ഇവിടെയുണ്ട്. ഐസിഎംആ‍ർ ഇതുവരെ നടത്തിയ ആൻ്റിബോഡി പരിശോധനയിൽ കൊവിഡ് വന്നു പോയവരുടെ എണ്ണം ഏറ്റവും കുറവുള്ളത് കേരളത്തിലാണ്.

കൈവിട്ട് പോയിട്ടില്ല

കേരളത്തിലെ ആരോ​ഗ്യവകുപ്പിന് കൈകാര്യം ചെയ്യാത്ത രീതിയിൽ ഇതുവരെ ഇവിടെ രോ​ഗവ്യാപനമുണ്ടായിട്ടില്ല. യഥാ‍ർത്ഥ കണക്കുകൾ സ‍ർക്കാർ നിർഭയം ജനങ്ങൾക്ക് മുമ്പിൽ വയ്ക്കും. ഒത്തൊരുമിച്ച് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കാനുണ്ട്. ആൻ്റിജൻ ടെസ്റ്റുകളെ സ‍ർക്കാർ കൂടുതലായി ആശ്രയിക്കുന്നു എന്നൊരു പരാതിയുണ്ട്. എന്തായാലും കൊവിഡ് പരിശോധന പ്രതിദിനം ഒരു ലക്ഷമാക്കാനും അതിൽ 75 ശതമാനവും ആ‍ർടിപിസി‍ർ വഴിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാ​ഗം നടത്തിയ പഠനത്തിൽ അൻപത് ശതമാനം കൊവിഡ് ബാധയും വീടിനുള്ളിൽ വച്ചാണ് നടക്കുന്നുണ്ടെന്നാണ്. ഇതുകൂടാതെ പൊതുചടങ്ങുകൾ, പൊതുവാഹനങ്ങൾ എന്നിവയെല്ലാം കേരളത്തിൻ്റെ കൊവിഡ് ഹോട്ട് സ്പോട്ടായി മാറുന്നതായി പഠനത്തിൽ പറയുന്നുണ്ട്.

വാ‍ർഡ് തല സമിതികൾ പുനരുജ്ജീവിപ്പിക്കും

തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ വാ‍‍‍ർഡ് തല സമിതികൾ ഉണ്ടായിരുന്നു. അവ‍ർ ഫലപ്രദമായാണ് പ്രവർത്തിച്ചിരുന്നത്. രോഗബാധിതരുമായും അവരുടെ ബന്ധുക്കളുമായും നിരന്തരം സമ്പ‍ർക്കം പുലർത്തിയിരുന്ന വാർഡ് തല സമിതി കൊവിഡ് വ്യാപനം തടയാൻ മുൻനിരയിൽ പ്രവൃത്തിച്ചു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിനെ തുട‍ർന്ന് വാർഡ് തല സമിതി നീർജീവമായിരുന്നു. ഇപ്പോൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പൂർത്തിയായി പുതിയ ഭരണസമിതി വന്ന സാഹചര്യത്തിൽ വാർഡ് തല സമിതികൾ പുനരുജ്ജീവിപ്പിക്കും. 

കൊവിഡ് വ്യാപനം തടയാൻ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തണം. ജനങ്ങൾ കൂട്ടം ചേരുന്ന മാളുകൾ, മാ‍ർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷുകൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കും. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിൽ നാളെ രാവിലെ മുതൽ ഫെബ്രുവരി 10 വരെ 25,000 പൊലീസ് ഉദ്യോ​ഗസ്ഥരെ കൊവിഡ് പ്രോട്ടോക്കോൾ നടപ്പാക്കാൻ വിന്യസിക്കും.

ഇതേ പോലെ കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യം ഒഴിവാക്കണം. അടച്ചിട്ട ഹാളുകളിൽ പരിപാടി നടത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യമുണ്ട്. അടച്ചിട്ട ഹാളുകൾക്ക് പകരം നല്ല തുറന്നിട്ട സ്ഥലങ്ങളിലും വേദിയിലും വച്ചു വേണം പരിപാടി നടത്താൻ.

കൊവിഡിന് ശേഷം നടന്ന വിവാഹങ്ങളിൽ കൃത്യമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പഴയ രീതിയിലേക്ക് കാര്യങ്ങൾ മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇതു അനുവ​​ദിക്കാനാവില്ല. രാത്രി 10മണിക്ക് ശേഷം ഉള്ള യാത്ര അത്യാവശ്യത്തിനു മാത്രം പരിമിതപ്പെടുത്തണം

വാക്സീൻ വിതരണം തുടരുന്നു

സംസ്ഥാനത്ത് കൊവിഷിൽഡ് വാക്സീൻ വിതരണം തുടരുകയാണ്. നമ്മുടെ ആരോ​ഗ്യപ്രവ‍ർത്തകരിൽ 17.54 ശതമാനം പേ‍‍ർക്കും ഇതിനോടകം വാക്സിൻ നൽകി. നേരത്തെ വ്യാപകമായി എല്ലാവരും മാസ്ക് ഉപയോ​ഗിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നപ്പോൾ കൊവിഡിനെ ഭയപ്പെടേണ്ട എന്ന മനോഭാവം ആളുകളിൽ വന്നിട്ടുണ്ട്.അതിനാൽ മാസ്ക് ഉപയോ​ഗം കുറയുന്ന അവസ്ഥ ചിലയിടങ്ങളിലുണ്ട്.

കൊവിഡ് രോ​ഗബാധിത‍ർക്ക് മികച്ച ചികിത്സ കൊടുക്കുന്നുണ്ട്, എല്ലാവരുടേയും കൂട്ടായ പ്രവ‍ർത്തനം മൂലമാണ് നമ്മുക്ക് ഇതുവരെ കൊവിഡ് നിയന്ത്രിച്ചു നി‍ർത്താൻ സാധിച്ചത്.

UPDATING...

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയം