Asianet News MalayalamAsianet News Malayalam

Covid vaccination : സംസ്ഥാനത്ത് സ്‌കൂളുകളിലെ വാക്‌സിനേഷന് ഇന്ന് തുടക്കം

500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്സിനേഷന്‍. സ്‌കൂളുകളില്‍ തയ്യാറാക്കിയ വാക്സിനേഷന്‍ സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
 

Covid vaccination in school will start today
Author
Thiruvananthapuram, First Published Jan 19, 2022, 6:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ (school) കൊവിഡ് വാക്സിനേഷന് (Covid vaccination)  ഇന്ന് തുടക്കം. പരമാവധി കുട്ടികളിലേക്ക് കൊവിഡ് വാക്‌സിനേഷന്‍ എത്തിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. 500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്സിനേഷന്‍. സ്‌കൂളുകളില്‍ തയ്യാറാക്കിയ വാക്സിനേഷന്‍ സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് പൊതു പ്രതിരോധകുത്തിവെപ്പ് ദിനമായതിനാല്‍ പകുതിയോളം സെഷനുകളില്‍ മാത്രമേ കൊവിഡ് വാക്‌സിന്‍ നല്‍കൂ.

രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്സിന്‍ നല്‍കുക. അധ്യാപകരുമായി ബന്ധപ്പെട്ടാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ വാക്‌സിനെടുക്കാനായി കരുതണം. സംസ്ഥാനത്ത് 15 വയസിനും 18 വയസിനും ഇടയ്ക്കുള്ള 55 ശതമാനം പേര്‍ക്കും വാക്‌സീന്‍ നല്‍കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണിവരെയായിരിക്കും സ്‌കൂളുകളിലെ വാക്സിനേഷന്‍ സമയം.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൊവിഡ് ക്ലസ്റ്ററുകള്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നാളത്തെ അവലോകന യോഗത്തിലായിരിക്കും തീരുമാനമുണ്ടാകുക. നാളെ വൈകീട്ട് അഞ്ചിന് ചേരുന്ന അവലോകന യോഗത്തിലും മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും.

രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കിയേക്കും. പൊതുസ്ഥലങ്ങളില്‍ കൂട്ടം ചേരുന്നതിന് കര്‍ശന നിയന്ത്രണം കൊണ്ടുവന്നേക്കും.കോളജുകള്‍ അടയ്ക്കാനും സാധ്യതയുണ്ട്. അതേസമയം സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടായേക്കില്ല.
 

Follow Us:
Download App:
  • android
  • ios