ഇടുക്കി: ഇടുക്കിയിൽ കൊവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവർത്തകന് എവിടെ നിന്നാണ് രോഗം കിട്ടിയതെന്ന് ഇതുവരെയും കണ്ടെത്താനായില്ലെന്ന് ആരോഗ്യവകുപ്പ്. മൂന്ന് ദിവസം മുമ്പാണ് പൊതുപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കം പുലർത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. തിരിച്ചറിഞ്ഞവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.

പൊതുപ്രവർത്തകന്‍റെ പുതുക്കിയ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം ഇന്നലെ പുറത്തുവിട്ടിരുന്നു. ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും അട്ടപ്പാടിയിലേക്കും മറയൂരിലേക്കും വരെ വിപുലമായി ഇദ്ദേഹം യാത്ര ചെയ്തിട്ടുണ്ടെന്നാണ് റൂട്ട് മാപ്പിൽ വ്യക്തമാകുന്നത്. റൂട്ട് മാപ്പിൽ ഇനിയും വ്യക്തമാകാൻ ചെറിയ ഭാഗങ്ങൾ ബാക്കിയുണ്ടെങ്കിലും, അതീവ ദുഷ്കരമായ റൂട്ട് മാപ്പ് ഏതാണ്ട് വിശദമായി ചോദിച്ചറിഞ്ഞ് ജില്ലാ ഭരണകൂടം തയ്യാറാക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ പ്രൈമറി, സെക്കന്‍ററി കോണ്ടാക്ട് മാപ്പുണ്ടാക്കൽ അതീവ ദുഷ്കരമാണെന്ന് തന്നെയാണ് വ്യക്തമാകുന്നത്. 

Also Read: ഇടുക്കിയിലെ പൊതുപ്രവർത്തകന്‍റെ വിശദമായ പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കി, കാണാം

ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്തിടപഴകിയത് നിമിത്തം വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ഫെബ്രുവരി 29 മുതൽ മാർച്ച് 26 വരെ ഇയാൾ പോയ സ്ഥലങ്ങളിലെ വിവരം ശേഖരിച്ചാണ് ഇത്രയും പേരെ നീരീക്ഷണത്തിലാക്കിയത്. 27 ദിവസത്തിനുള്ളിൽ ഇടുക്കി, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ 63 സ്ഥലങ്ങളിലാണ് ഇയാൾ യാത്ര നടത്തിയത്.

Also Read: 27 ദിവസത്തിനുള്ളിൽ പോയത് 63 സ്ഥലങ്ങളിൽ; ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ റൂട്ട് മാപ്പായി