Asianet News MalayalamAsianet News Malayalam

'ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് സിപിഎം ബ്രാന്‍റ് ചെയ്യുന്നു', സിപിഐയിൽ കടുത്ത അതൃപ്തി

പാരിസ്ഥിതിക പ്രശ്നങ്ങളിലെ അഴകുഴമ്പൻ നിലപാട് അടക്കം അതിരൂക്ഷ വിമർശനം പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെയും ഉണ്ടായി. 

CPI blame that CPIM branding the Left government as the Pinarayi government
Author
Trivandrum, First Published Jul 24, 2022, 1:14 PM IST

തിരുവനന്തപുരം: ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് ബ്രാന്‍റ് ചെയ്യുന്നതിൽ സിപിഐയിൽ കടുത്ത അതൃപ്തി. മുൻ സർക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയാണിതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ പൊതു ചർച്ചയിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി. പാരിസ്ഥിതിക പ്രശ്നങ്ങളിലെ അഴകുഴമ്പൻ നിലപാട് അടക്കം അതിരൂക്ഷ വിമർശനം പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെയും ഉണ്ടായി. 

ജനങ്ങളിൽ നിന്ന് മാറി നടക്കുന്ന പിണറായി ശൈലിമുതൽ ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് മുദ്രകുത്താനുള്ള സിപിഎമ്മിന്‍റെ ബോധപൂവ്വമായ ശ്രമത്തിൽ വരെ വലിയ എതിർവികാരമാണ് സമ്മേളന പ്രതിനിധികളിൽ നിന്ന് ഉണ്ടായത്. ആഭ്യന്തര വകുപ്പ് പരാജയമാണ്. പൊലീസിനെ നിലക്ക് നിർത്തണം.  ഇടത് മുന്നണിയുടെ കെട്ടുറപ്പ് സിപിഐയുടെ മാത്രം ഉത്തരവാദിത്തമാകുന്നതിലെ അതൃപ്തിയും പൊതു ചർച്ചയിൽ പ്രതിനിധികള്‍ ഉന്നയിച്ചു.

സിപിഎം വിട്ട് സിപിഐയിലേക്ക് എത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന നിർദ്ദേശവും തിരുവനന്തപുരം സീറ്റ് തിരിച്ച് പിടിക്കാൻ പാർട്ടി നേതൃത്വം ശക്തിയായി ഇടപെടണമെന്ന ആവശ്യവും ചർച്ചയിലുയർന്നു. പരിസ്ഥിതി പ്രശ്നങ്ങളിലടക്കം പാർട്ടി നിലപാട് ദുർബലമാണ്.  പാർട്ടി അംഗത്വം കൂടാത്തതിൽ ബ്രാഞ്ച് കമ്മിറ്റികൾക്ക് വീഴ്ചയുണ്ടെന്ന് പ്രവർത്തന റിപ്പോർട്ട് വിലയിരുത്തി. ജനകീയ അടിത്തറ വിപുലമാക്കാനും ജനകീയ ഇടപെടലുകൾ ശക്തമാക്കാനും ബ്രാഞ്ച് കമ്മിറ്റികൾ തയ്യാറാകണമെന്നാണ് റിപ്പോർട്ടിന്‍റെ ഉള്ളടക്കം . സമ്മേളനം വൈകീട്ട് സമാപിക്കും.

മുഖ്യമന്ത്രിയുടേത് ആർഭാടം, ഇടത് മുഖമല്ല; കാനം രാജേന്ദ്രനും സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കം വിമർശനം. എംഎം മണി ആനി രാജക്കെതിരെ പരാമർശം നടത്തിയപ്പോൾ പ്രതിരോധിക്കാത്തത് ശരിയായില്ല. ആനി രാജയെ വിമർശിച്ചപ്പോൾ പോലും തിരുത്തൽ ശക്തിയാകാൻ കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്കും സർക്കാരിനും മുഖ്യമന്ത്രിയ്ക്കും വിമർശനം ഉണ്ടായി. മുഖ്യമന്ത്രിക്ക് ഇത്ര വലിയ സുരക്ഷ വേണോയെന്ന് വിമർശനം ഉയർന്നു. ജനങ്ങളിൽ നിന്ന് അകന്നാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം. 42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ല. അച്യുതമേനോനും കെ കരുണാകരനും ഇകെ നായനാർക്കും വിഎസ് അച്യുതാനന്ദനും ഇല്ലാത്ത ആർഭാടമാണ് പിണറായി വിജയന് ഇക്കാര്യത്തിലുള്ളതെന്ന് വിമർശനം ഉയർന്നു.

Read Also : 'തിരുത്തൽ ശക്തിയായി സിപിഐ തുടരും'; തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു

Follow Us:
Download App:
  • android
  • ios