Asianet News MalayalamAsianet News Malayalam

'തിരുത്തൽ ശക്തിയായി സിപിഐ തുടരും'; തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു

എൽഡിഎഫ് ഉയർത്തിയ രാഷ്ട്രീയ നിലപാടിൽ വ്യതിയാനമുണ്ടായപ്പോൾ സിപിഐ അത് തിരുത്തി. അതെല്ലാം എൽഡിഎഫിനെ ശക്തിപ്പെടുത്താനാണ്. തിരുത്തൽ ശക്തിയായി സിപിഐ തുടരുമെന്നും രാഷ്ട്രീയ റിപ്പോർട്ടില്‍ പറയുന്നു.

political report presented in thiruvananthapuram district conference is out
Author
Thiruvananthapuram, First Published Jul 23, 2022, 1:27 PM IST

തിരുവനന്തപുരം: ഇടതുമുന്നണി രാഷ്ട്രീയ വെല്ലുവിളി നേരിടുമ്പോൾ തിരുത്തൽ ശക്തിയായി പ്രവര്‍ത്തിക്കുമെന്ന മുന്നറിയിപ്പുമായി സിപിഐ. മുന്നണിയെന്ന ആശയം തന്നെ സിപിഐയുടേതാണെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിൽ സിപിഐ അവകാശപ്പെടുന്നു. മുന്നണിയുടെ നേട്ടവും കോട്ടവും പങ്കിടാനുള്ള ബാധ്യത കക്ഷികൾക്കുണ്ടെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത കാനം രാജേന്ദ്രൻ പറഞ്ഞു. 

24ാം പാര്‍ട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങളിൽ ആദ്യത്തേതിനാണ് തിരുവനന്തപുരത്ത് തുടക്കമായത്. നെടുമങ്ങാട്ടെ സമ്മേന വേദിയിൽ പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരസ്പരം പോരടിച്ച് നിന്നിരുന്ന പാര്‍ട്ടികളാണ് മുന്നണിയായത്. രാഷ്ട്രീയ തീരുമാനത്തിന് മുൻകൈ എടുത്തത് സിപിഐ ആണ്. നയവ്യതിയാനങ്ങളുണ്ടായപ്പോഴെല്ലാം സിപിഐ തിരുത്തിയരുന്നെന്നും അത് തുടരുമെന്നും രാഷ്ട്രീയ റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ഇടത് ഐക്യം കാലഘട്ടം ആവശ്യപ്പെടുന്നതാണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾക്കിടയിലും യോജിപ്പിന്‍റെ തലങ്ങളുണ്ടാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഓര്‍മ്മിപ്പിച്ചു.

Also Read: മുന്നണിയിലെ നേട്ടങ്ങളും കോട്ടങ്ങളും കക്ഷികൾ വീതിച്ചെടുക്കണം: കാനം

മുന്നണി ആകുമ്പോൾ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകുമെന്നും അതെല്ലാം കക്ഷികൾ വീതം വച്ചെടുക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. സുഖദുഃഖങ്ങളും അതിൻറെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികൾക്ക് അവകാശപ്പെട്ടതാണെന്നും നേട്ടങ്ങൾ വരുമ്പോൾ കൈനീട്ടുകയും  കോട്ടം വരുമ്പോൾ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം പറഞ്ഞു. കേരളത്തിൽ സിപിഐ വളരുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ കാനം പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള പാര്‍ട്ടിയുടെ ശേഷി വർദ്ധിച്ചെന്നും പൊതുസമൂഹത്തിൽ പാർട്ടിയുടെ സാന്നിധ്യവും പ്രഹരശേഷിയും വർദ്ധിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്തെ സിപിഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 365 പ്രതിനിധികളാണ് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 

Follow Us:
Download App:
  • android
  • ios