ഏക സിവിൽ കോഡിൽ മുന്നണിയിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും ലീഗ വരാത്തതിനാൽ പരാതിയില്ലെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു.
തിരുവനന്തപുരം: സിപിഎം സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതിൽ സിപിഐയ്ക്ക് എതിർപ്പുണ്ടായെന്ന വിവാദങ്ങളിൽ മറുപടിയുമായി എം വി ഗോവിന്ദൻ. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് മുന്നണിയിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്ന് ഗോവിന്ദൻ പ്രതികരിച്ചു. ലീഗിനെ ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തി ഇല്ല. സിപിഐ നേതാക്കളും ഏക സിവിൽ കോഡിനെതിരായ സെമിനാറിന് എത്തും. ലീഗ് വരാത്തതിനാൽ പരാതിയില്ലെന്നും മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ ലീഗിന് അതേ പറ്റൂവെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേ സമയം, ഏക വ്യക്തി നിയമത്തിലെ ബിജെപി സമീപനത്തിനെതിരെ പ്രക്ഷോഭ പാതയിലാണ് കേരളത്തിലെ ഇരുമുന്നണികളും. കോഴിക്കോട്ട് പ്രഖ്യാപിച്ച സെമിനാറിലേക്ക് സിപിഎം മുസ്ലീം ലീഗിനെ ക്ഷണിക്കുക കൂടി ചെയ്തതോടെയാണ് ഇടതുമുന്നണിക്ക് അകത്തും മുന്നണികൾ തമ്മിലും അസ്വാരസ്യങ്ങളെന്ന വിവരം പുറത്ത് വന്നത്. ഏക സിവിൽ കോഡിൽ വലിയ രാഷ്ട്രീയ ചര്‍ച്ചകൾ നടക്കുമ്പോഴും പരസ്യ പ്രതികരണത്തിന് സിപിഐ ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ ലോ കമ്മീഷൻ കരട് പോലും ആകാത്ത റിപ്പോർട്ടിൽ എന്തിനാണ് വലിയ രാഷ്ട്രീയ ചർച്ചയെന്നാണ് പാർട്ടിയിലെ നേതാക്കളുടെ ചോദ്യം. ലീഗിനെ ക്ഷണിച്ച സിപിഎം നടപടിയിൽ സിപിഐക്ക് അതൃപ്തിയാണ്. യുഡിഎഫിലെ പ്രധാന കക്ഷിയെ സിപിഎം ക്ഷണിക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു എന്നാണ് വിലയിരുത്തൽ. ലീഗിനെ എൽഡിഎഫിലേക്കെത്തിക്കാനുള്ള സിപിഎം നീക്കം കൂടി മനസിൽ കണ്ടാണ് സിപിഐക്കുള്ള അമർഷം.
അതേസമയം, ഏകസിവിൽ കോഡിലും ലീഗ് ബന്ധത്തിലും തീരുമാനങ്ങൾ പ്രഖ്യാപിച്ച് സിപിഎം മുന്നോട്ട് പോകുമ്പോൾ ഘടകക്ഷികളെ വിശ്വാസത്തിലെടുക്കാത്തതിൽ എൽഡിഎഫ് മുന്നണിയിലും അതൃപ്തിയുണ്ട്. എൽഡിഎഫിനെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളിൽ പോലും കൂടിയാലോചന നടക്കുന്നില്ലെന്നാണ് വിമര്‍ശനം. തീരുമാനങ്ങൾ സ്വയമെടുക്കുകയും പ്രഖ്യാപനം നടത്തിയ ശേഷം പേരിന് മാത്രം മുന്നണിയെ സഹകരിപ്പിക്കുന്നുവെന്നുമുളള ആക്ഷേപം സിപിഎമ്മിനെതിരെ പൊതുവെയുണ്ട്. വിശദമായ കൂടിയാലോചനകളും ചര്‍ച്ചകളും ആവശ്യമായ സംഭവങ്ങൾ ഏറെ ഉണ്ടായിട്ടും മുന്നണിയെ വിശ്വാസത്തിലെടുക്കാത്തതിലാണ് പുതിയ അതൃപ്തി.

