അമ്പലപ്പുഴ എംഎൽഎ എച്ച് സലാം ആലപ്പുഴ വണ്ടാനത്ത് നിർമ്മിച്ച പുതിയ വീട്ടിലേക്ക് കുടുംബസമേതം താമസം മാറി. ഉമ്മയുടെ മരണത്തെ തുടർന്ന് ചടങ്ങുകൾ ഒഴിവാക്കി. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി കിട്ടിയ നഷ്ടപരിഹാരവും ഭവനവായ്പയും ഉപയോഗിച്ചാണ് വീട് നിർമ്മിച്ചത്.
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎയും സിപിഎം നേതാവുമായ എച്ച് സലാമും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറി. ആലപ്പുഴ വണ്ടാനത്ത് കുടുംബവക സ്ഥലത്താണ് പുതിയ വീട് നിർമിച്ചത്. ഉമ്മയ്ക്കായി നിർമ്മിച്ച മുറി ഉമ്മയില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വേദനയോടെയാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. അതിനാൽ തന്നെ ചടങ്ങുകൾ ഒഴിവാക്കിയെന്ന് അദ്ദേഹം വീടിൻ്റെ ചിത്രമടക്കം പങ്കുവെച്ച ഫെയ്‌സ്ബുക് പോസ്റ്റിൽ കുറിച്ചു. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി പിതാവിൻ്റെ ചായക്കട ഏറ്റെടുത്ത വകയിൽ ലഭിച്ച നഷ്‌ടപരിഹാര തുകയും ബാങ്കിൽ നിന്നെടുത്ത ഗാർഹിക വായ്‌പയും ചേർത്താണ് വീട് നിർമിച്ചതെന്നും അദ്ദേഹം പോസ്റ്റിൽ വിശദീകരിച്ചു.
ഫെയ്‌സ്ബുക്കിൽ എച്ച് സലാം എംഎൽഎ എഴുതിയ കുറിപ്പ്
പുതിയ വീട്ടിലേക്ക് ഇന്ന് താമസം മാറി.. ഉമ്മ ഇല്ലാതെ
വണ്ടാനത്ത് കുടുംബവക സ്ഥലത്ത് നിർമ്മിച്ച പുതിയ വീട്ടിലേക്ക് ഇന്ന് ഞാനും കുടുംബവും താമസം മാറി.
ഉമ്മ ആയിരുന്നു കല്ലിട്ടത്..
ഉമ്മാക്ക് വേണ്ടി പണിത മുറി പ്രിയപ്പെട്ട ഉമ്മ ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന വേദനയിൽ വീട് മാറുന്ന ചടങ്ങുകൾ ഒന്നും നടത്തിയിരുന്നില്ല..
പിതാവിന്റെ വിയർപ്പിന്റെ ഭാഗമാണ് വീട്. ജീവിതത്തിലെ എന്റെ മോഡലായ വാപ്പായുടെ ദീർഘകാലത്തെ അദ്ധ്വാനത്തിന്റെ സമ്പാദ്യമായിരുന്ന ചായക്കടയുടെ ഭൂമി എൻ എച്ച് വികസനത്തിന് വേണ്ടി ഏറ്റെടുത്തപ്പോൾ ലഭിച്ച പണമായിരുന്നു വീട് നിർമ്മാണത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ്. അതോടൊപ്പം ഭവനവായ്‌പ്പ കൂടി ചേർത്തുകൊണ്ടാണ് വീട് പൂർത്തിയാക്കിയത്.
ഉമ്മയുടെ ആഗ്രഹമായിരുന്ന വീട്ടിലേക്ക് ഉമ്മയില്ലാതെ സങ്കടത്തോടെയെങ്കിലും ഇന്ന് കയറി.
വാടകവീട്ടിൽ നിന്ന് നാളെ മാറും. കാണാൻ വരുന്നവർ നാളെ മുതൽ പുതിയ വീട്ടിൽ എത്തിയാൽ മതി..
എന്റെ പിതാവ് എല്ലാവരുടെയും പ്രിയപ്പെട്ട ഹൈദരിക്കായുടെയും ഉമ്മയുടെയും ഓർമ്മകൾ നിറഞ്ഞിരിക്കുന്ന വീട്ടിൽ..


