ആലപ്പുഴ: കുട്ടനാട് സീറ്റ് എൻസിപിക്ക് ആണെങ്കിലും ഉപതിരഞ്ഞെടുപ്പിന്‍റെ  പൂർണ ചുമതല സിപിഎം ഏറ്റെടുത്തു. മുൻ എംഎൽഎയും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ ജെ തോമസിന് മണ്ഡലത്തിന്റെ ചുമതല നൽകി. 13 പഞ്ചായത്തുകളിലെയും പ്രവർത്തനങ്ങളുടെ മേൽനോട്ടം ജില്ലാ സെക്രട്ടേറ്റയറ്റംഗങ്ങൾക്കാണ്. സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം എൻസിപിയിൽ തുടരവേ മണ്ഡലം കൈവിടാതിരിക്കാനുള്ള ശ്രമംത്തിലാണ് സിപിഎം. 

കുട്ടനാട് മണ്ഡലത്തിന്‍റെ മുഴുവന്‍ ചുമതല സംസ്ഥാന സമിതി അംഗവും മുൻ കാഞ്ഞിരപ്പള്ളി എംഎൽഎയുമായിരുന്ന കെ ജെ തോമസിനാണ് പാര്‍ട്ടി നൽകിയിരിക്കുന്നത്. കുട്ടനാട്ടിൽ ചേർന്ന യോഗത്തിൽ 13 പഞ്ചായത്തുകളുടെയും ചുമതല ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾക്കായി വീതിച്ചു. മണ്ഡലത്തെ 23 മേഖലകളായി വിഭജിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമിടുന്നത്.

മേഖല യോഗങ്ങൾ ഈ മാസം 19, 21, 23 ദിവസങ്ങളിലായി നടക്കും. അതേസമയം,  സ്ഥാനാർത്ഥിയെ അടുത്തയാഴ്ച  പ്രഖ്യാപിക്കുമെന്നാണ് എൻസിപി നേതൃത്വം പ്രതികരിച്ചത്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ്, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി മാത്യു എന്നിവരാണ് പട്ടികയിലുള്ളത്. തോമസ് കെ തോമസിന് തന്നെയാണ് മുൻതൂക്കം.