Asianet News MalayalamAsianet News Malayalam

ബഷീറിന്‍റെ കൊലയാളികൾ കോൺഗ്രസെന്ന് സിപിഎം ദേശീയ നേതൃത്വവും; നിഷേധിച്ച് സഹോദരി

സിപിഎമ്മിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന അനുശോചനക്കുറിപ്പിലാണ് ബഷീറിനെ കൊന്നത് കൊല്ലം ജില്ലയിലെ കോൺഗ്രസ് ക്രിമിനലുകളാണെന്ന് ആരോപിക്കുന്നത്. കോൺഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന സിപിഎമ്മിന്‍റെ ആരോപണത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി. വിവാദം മുറുകുന്നു.

CPM activist Basheer has been murdered by Congress, says CPM. Baheers sister objects the claim
Author
Kollam, First Published Mar 3, 2019, 4:22 PM IST

ദില്ലി: കൊല്ലം കടയ്ക്കലിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം  എം എ ബഷീറിന്‍റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം ദേശീയ നേതൃത്വവും. സിപിഎമ്മിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന അനുശോചനക്കുറിപ്പിലാണ് ബഷീറിനെ കൊന്നത് കൊല്ലം ജില്ലയിലെ കോൺഗ്രസ് ക്രിമിനലുകളാണെന്ന് ആരോപിക്കുന്നത്. ഏറ്റവും ശക്തമായ ഭാഷയിൽ കൊലപാതകത്തെ സിപിഎം അപലപിക്കുന്നതായും അനുശോചനക്കുറിപ്പിൽ പറയുന്നു.

സിപിഎമ്മിന്‍റെ അനുശോചനക്കുറിപ്പ്

ബഷീറിന്‍റെ കൊലപാതകം കോൺഗ്രസിന്‍റെ പകരം വീട്ടലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തേ പറഞ്ഞിരുന്നു.  കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ  കൊല്ലപ്പെട്ട സംഭവം ദുഃഖകരവും പ്രതിഷേധാർഹവുമാണ്. ആ സംഭവത്തെ സിപിഎം തള്ളിക്കളഞ്ഞിരുന്നു. എന്നാൽ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു കോൺഗ്രസ് അന്ന് പ്രതികരിച്ചതെന്ന് കോടിയേരി പറഞ്ഞു. ആ തിരിച്ചടിയാണ് കൊല്ലത്ത് കോൺഗ്രസ് നടപ്പാക്കിയിരിക്കുന്നത് എന്നാണ് കോടിയേരിയുടെ ആരോപണം.

കൊല്ലം ചിതറയിലെ ബഷീറിന്‍റെ കൊലപാതകം കോൺഗ്രസിന്‍റെ പകവീട്ടലെന്ന് കോടിയേരി

എന്നാൽ രാഷ്ട്രീയ കൊലപാതകമെന്ന സിപിഎമ്മിന്‍റെ ആരോപണം കൊല്ലപ്പെട്ട ബഷീറിന്‍റെ സഹോദരി അഭിസാ ബീവി നിഷേധിച്ചിരുന്നു. കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് അഭിസാ ബീവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേരത്തെ ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായിതിനെ തുടർന്ന് മൂന്നര മണിയോടെ വീട്ടിലെത്തിയ ഷാജഹാൻ ബഷീറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് കാരണം കപ്പ വില്‍പ്പനയിലെ തര്‍ക്കം; കോടിയേരിയെ തള്ളി ബഷീറിന്‍റെ കുടുംബം

ബഷീറിന്‍റെ ശരീരത്തിൽ ഒൻപത് മുറിവുകളാണ് ഉള്ളത്. നെഞ്ചിലേറ്റ രണ്ട് കുത്തുകളാണ് മരണകാരണമായത്.  കൊലപാതകം വ്യക്തിവിരോധം കൊണ്ടാണെന്നാണ് പൊലീസിന്‍റെ പ്രാധമിക നിഗമനം. ബഷീറിനെ കുത്തിക്കൊന്ന ഷാജഹാൻ കോൺഗ്രസ് പ്രവർത്തകനാണെന്ന് സിപിഎമ്മും ഷാജഹാന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കോൺഗ്രസും ആവർത്തിക്കുന്നു.

കോൺഗ്രസ് പ്രവർത്തകനാണ് കൊലപാതകത്തിന് പിന്നിലെന്ന സിപിഎമ്മിന്‍റെ ആരോപണത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ബഷീറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊല്ലം, കടയ്ക്കലിൽ സിപിഎം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ചിതറ പഞ്ചായത്തില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലും നടക്കുകയാണ്. ഇതിനിടെയാണ് ബഷീറിന്‍റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്നും അല്ലെന്നുമുള്ള തർക്കം വിവാദമാകുന്നത്.

Follow Us:
Download App:
  • android
  • ios