മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തിൽ  പിഎംഎ സലാമിനെതിരെ സിപിഎം. പി എം എ സലാമിന്‍റേ തരംതാണ നിലപാടാണെന്നും വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പിഎംഎ സലാം കേരളീയ സമൂഹത്തോട് മാപ്പു പറയണമെന്നും സിപിഎം ആവശ്യപ്പെ'ട്ടു

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെ സിപിഎം മലപ്പുറം ജില്ലാ നേതൃത്വം. പി എം എ സലാമിന്‍റേ തരംതാണ നിലപാടാണെന്നും വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പിഎംഎ സലാം കേരളീയ സമൂഹത്തോട് മാപ്പു പറയണമെന്നും സിപിഎം ആവശ്യപ്പെട്ടു. രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കുമ്പോള്‍ മോശം പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണ്. മുഖ്യമന്ത്രിയെ അധിക്ഷേപത്തിലൂടെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട.

 പൊതുപരിപാടിയിലെ വിവാദ പരാമര്‍ശം കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെപ്പോലും കളങ്കപ്പെടുത്തുന്നതാണെന്നും സിപിഎം മലപ്പുറം ജില്ലാ നേതൃത്വം വ്യക്തമാക്കി. ലീഗിന്‍റെ സാസ്കാരിക അപചയമാണ് ഇതിലൂടെ വ്യക്തമായത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള സംസ്കാരശൂന്യമായ പരാമര്‍ശങ്ങള്‍ ലീഗ് നേതൃത്വം ഒഴിവാക്കണം. സലാമിന്‍റെ പരാമര്‍ശത്തിനെതിരെ ലോക്കല്‍ കേന്ദ്രങ്ങളില്‍ സി പി എം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി.