Asianet News MalayalamAsianet News Malayalam

നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ലഹരിക്കടത്ത്, ഇടപെട്ട്  സിപിഎം; അടിയന്തര ജില്ലാസെക്രട്ടറിയേറ്റ് ഉടൻ

ഇന്നലെ വൈകിട്ട് ചേർന്ന ആലപ്പുഴ ഏരിയാ കമ്മറ്റി യോഗത്തില്‍ നേരിട്ട് ഹാജരായി കൗണ്‍സിലര്‍ എ ഷാനവാസ് വിശദീകരണം നൽകിയെങ്കിലും മറുപടി തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം.

cpm alappuzha district secretariat will discuss cpm councillor s involment in pan masala case
Author
First Published Jan 10, 2023, 6:36 AM IST

ആലപ്പുഴ : ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ സംഭവത്തിൽ പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെടുന്നു. വിഷയം ചർച്ച ചെയ്യാന്‍ ഉടന്‍ സിപിഎമ്മിന്‍റെ അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. ഷാനവാസിനെതിരെ നടപടിയുണ്ടാവാനാണ് സാധ്യത. ഇന്നലെ വൈകിട്ട് ചേർന്ന ആലപ്പുഴ ഏരിയാ കമ്മറ്റി യോഗത്തില്‍ നേരിട്ട് ഹാജരായി കൗണ്‍സിലര്‍ എ ഷാനവാസ് വിശദീകരണം നൽകിയെങ്കിലും മറുപടി തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം.

കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് കരുനാഗപ്പള്ളിയിൽ വെച്ച് രണ്ട് ലോറികളലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കൾ പിടികൂടുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഒരു വാഹനത്തിന്റെ ഉടമ സിപിഎം ആലപ്പുഴ നോർത്ത് ഏരിയാ സെൻറർ അംഗവും, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ എ ഷാനവാസാണെന്ന് കണ്ടെത്തിയിരുന്നു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായി. സിപിഎം സംസ്ഥാന നേതൃത്വം ഇത് ഗൗരവമായെടുത്തു. ഇന്നലെ നിശ്ചയിച്ച ആലപ്പുഴ നോർത്ത് ഏരിയാ കമ്മിറ്റി യോഗത്തില് പങ്കെടുക്കാനും ഷാനവാസിന്‍റെ വിശദീകരണം തേടാനും ജില്ലാ സെക്രട്ടറി ആർ നാസറിനോട് നേതൃത്വം ആവശ്യപ്പെട്ടു. 

വാദങ്ങൾ പൊളിയുന്നു; പാൻമസാല കടത്ത് പ്രതിയുമായി സിപിഎം കൗൺസിലർക്ക് ബന്ധം; തെളിവായി പിറന്നാൾ ആഘോഷ ചിത്രങ്ങൾ

ഇടുക്കി സ്വദേശിയായ പുത്തൻ പുരയ്ക്കൽ ജയൻ എന്നയാൾക്ക് താൻ വാഹനം വാടകയ്ക്ക് നൽകിയതാണെന്നും ലഹരി കടത്തിൽ  തനിക്ക് പങ്കില്ലെന്നുമായിരുന്നു ഷാനവാസ് വിശദീകരണം. എന്നാൽ ഇത് തൃപ്തികരമല്ലെന്ന് പലരും അഭിപ്രായപ്പെട്ടു. പാര്‍ട്ടി ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും വിശയം ചർച്ച ചെയ്യാൻ അടിയന്തിരമായി ജില്ലാ സെക്രട്ടിറിയേറ്റ യോഗം ചേരുമെന്നും ആര്‍ നാസര്‍ യോഗത്തെ അറിയിച്ചു. സാധാരണ ശനിയാഴ്ചയാണ് പ്രതിവാര സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ഇത് വരെ കാത്ത് നിൽക്കാതെ ഉടന്‍ സെക്രട്ടറിയേറ്റ് യോഗം വിളിച്ച് ചേർക്കാനാണ് തീരുമാനം. ഇതിന് മുമ്പും സംഘടനാ നടപടി നേരിട്ടിട്ടുള്ള ആളാണ് ഷാനവാസ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷൻ രൂപീകരിക്കാനും സാധ്യതയുണ്ട്.

ഇതിനിടെ നഗരസഭയിലെ പ്രതിപക്ഷം വിഷയം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്. ഷാനവാസ് രാജി വെക്കുന്നത് വരെ സമരവുമായി മുന്നോട്ട്പോകാനാണ് തീരുമാനം. ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ തന്നെ വന്‍ പ്രചാരണം നടത്തുന്നതിനിടെ സിപിഎം നേതാവ് തന്നെ ലഹരിക്കടത്തില് ആരോപണവിധേയനായത് പാര്‍ട്ടിക്ക് വന് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. 

 

Follow Us:
Download App:
  • android
  • ios