കൊച്ചി മേയർ എം അനിൽകുമാർ, ജില്ല കമ്മിറ്റിയംഗം കെ എസ് അരുൺ കുമാർ, കൊളേജ് അധ്യാപിക കൊച്ചു റാണി ജോസഫ് എന്നിവരെയാണ് സി പി എം പരിഗണിക്കുന്നത് 

കൊച്ചി: തൃക്കാക്കരയിൽ (thrikkakkara)ഇടത് സ്ഥാനാർഥിയെ (left candidate)നിശ്ചയിക്കാനുള്ള സിപിഎം (cpm)ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. കൊച്ചി മേയർ എം അനിൽകുമാർ, ജില്ല കമ്മിറ്റിയംഗം കെ എസ് അരുൺ കുമാർ, കൊളേജ് അധ്യാപിക കൊച്ചു റാണി ജോസഫ് എന്നിവരെയാണ് പരിഗണിക്കുന്നത്.
കോൺഗ്രസ് സ്ഥാനാർഥി ഉമാ തോമസ് വന്നതോടെ കോൺഗ്രസിലുണ്ടായ അനൈക്യം മുതലെടുത്ത് കൂടിയാകും ഇടത് സ്ഥാനാർഥി നിർണയം.
ഇന്നോ നാളെയോ സ്ഥാനാർഥിയെ തീരുമാനിക്കാനാണ് ബിജെപി നീക്കം. എ എൻ രാധാകൃഷ്ണൻ അടക്കമുള്ളവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

 'ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര': ഉപതെരഞ്ഞെടുപ്പിൽ ഇടതിന്റെ മുഖ്യപ്രചാരണ വാചകം


കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ട് ഇടതുപക്ഷം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളിൽ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട കാർഡുകൾ പുറത്തുവിട്ടു. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. 

കേരള നിയമസഭയിൽ എംഎല്‍എമാരുടെ എണ്ണം നൂറിലെത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. വികസനത്തിന് വേണ്ടിയായിരിക്കും വോട്ട് ചോദിക്കുകയെന്നും പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെ റയില്‍ പ്രചാരണ വിഷയമാക്കാനാണ് സിപിഎം തീരുമാനം. യു‍‍‍ഡിഎഫിന് മേല്‍ക്കോയ്മയുള്ള മണ്ഡലമാണ്, എന്നാല്‍ ഇത്തവണ മണ്ഡലം പിടിക്കണം എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഉന്നത നേതാക്കളുമായുള്ള ആശയവിനിമയത്തില്‍ അതിന് കഴിയുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും രാജീവ് പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് മുന്നണി കണ്‍വീനറായി ചുമതലയേറ്റെടുത്ത ഇപി ജയരാജന്‍ നേരിട്ട് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കും. മന്ത്രി പി രാജീവും സെക്രട്ടേറിയറ്റംഗം എം സ്വരാജും മുഴുവന്‍ സമയം മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. കെ റയിലിനെതിരെ സംസ്ഥാന വ്യാപകമായ എതിര്‍പ്പ് മുന്നണിക്കും സര്‍ക്കാരിനുമെതിരെ നില്‍ക്കുമ്പോള്‍ വികസന വിഷയം തന്നെ മുന്നോട്ട് വെക്കാനുള്ള ധൈര്യവും സിപിഎം കാണിക്കുന്നുവെന്ന് പി രാജീവ് പറയുന്നു.

നഗര കേന്ദ്രീകൃത മണ്ഡലത്തില്‍ വികസന അജണ്ടക്ക് പ്രാധാന്യം കിട്ടുമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. ഉടക്കി നില്‍ക്കുന്ന കെവി തോമസ് ഘടകം, യുഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയം ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍, ട്വന്‍റി ട്വന്‍റി - ആപ് സംയുക്ത സ്ഥാനാര്‍ഥി നീക്കം ഇതെല്ലാം പരമാവധി തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് സിപിഎം പ്രതീക്ഷ. തൃക്കാക്കരയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കുന്നയാളെ വേണോ അതോ വികസനത്തിന് എതിര് നില്‍ക്കുന്ന പ്രതിപക്ഷ പ്രതിനിധി വേണോ എന്ന ചോദ്യമാണ് വോട്ടർമാർക്ക് മുന്നിൽ ഇടതുപക്ഷം വെക്കുന്നത്.

 കൊച്ചി മേയർ എം അനിൽകുമാർ, ജില്ല കമ്മിറ്റിയംഗം കെ എസ് അരുൺ കുമാർ, കൊളേജ് അധ്യാപിക കൊച്ചു റാണി ജോസഫ് എന്നിവരെയാണ് സി പി എം പരിഗണിക്കുന്നത്