സ്ഥാനാർത്ഥികളുടെ വ്യക്തിഗത മികവും ബന്ധങ്ങളും ഫലപ്രദമായ മണ്ഡലങ്ങളിൽ മാത്രമാണ് ഇതിനെ മറികടക്കാൻ കഴിയുകയെന്നും സിപിഎം വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ വലിയ തോതിൽ യുഡിഎഫിലേക്ക് അടുത്തുവെന്ന എക്സിറ്റ് പോൾ ഫലവുമായി യോജിക്കുന്ന വിലയിരുത്തലാണ് ഇത്
തിരുവനന്തപുരം: അൻപതിലേറെ മണ്ഡലങ്ങളിൽ ന്യൂനപക്ഷ ഏകീകരണം നടന്നതായി സിപിഎം വിലയിരുത്തൽ. സ്ഥാനാർത്ഥികളുടെ വ്യക്തിഗത മികവും ബന്ധങ്ങളും ഫലപ്രദമായ മണ്ഡലങ്ങളിൽ മാത്രമാണ് ഇതിനെ മറികടക്കാൻ കഴിയുകയെന്നും സിപിഎം വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ വലിയ തോതിൽ യുഡിഎഫിലേക്ക് അടുത്തുവെന്ന എക്സിറ്റ് പോൾ ഫലവുമായി യോജിക്കുന്ന വിലയിരുത്തലാണ് ഇത്. അതേസമയം, ഭൂരിപക്ഷ സമുദായ വോട്ടുകളിൽ സിപിഎമ്മിന് അനുകൂലമായ നിലപാട് തുടരുമെന്നും സിപിഎം കണക്കുകൂട്ടുന്നു. നിഷേധ വോട്ടുകൾ സിപിഎം കണക്കുകൂട്ടുന്നില്ല. 12ശതമാനത്തിലേക്ക് ബിജെപി വോട്ടുകൾ വർധിച്ചത് അനുകൂലമാവുമെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. വടക്കൻ കേരളത്തിൽ ശക്തമായ മത്സരം നടക്കുമെങ്കിലും ജിയിച്ചു കേറാനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.
അതേസമയം, പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത് തുടർ ഭരണത്തിന്‍റെ ശക്തമായ സൂചനകളെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ഭരണ വിരുദ്ധ വികാരം ഇല്ലെന്നും മുഖ്യമന്ത്രിയാകാൻ കൂടുതൽ യോഗ്യൻ പിണറായി വിജയൻ ആണെന്നുമുള്ള ഫലങ്ങളിലാണ് സിപിഎം പ്രതീക്ഷ. സുരക്ഷിത സീറ്റുമായി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഈ ഘട്ടത്തിലും നേതാക്കൾ ആവർത്തിക്കുന്നത്. എക്സിറ്റല്ല - ഇൻ തന്നെയെന്ന് ആവർത്തിക്കാൻ ഇടത് നേതൃത്വം നിരത്തുന്നത് പല കാരണങ്ങളാണ്. പുറത്ത് വന്ന സർവെകളെല്ലാം പറയുന്നത് നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ്. അതുതന്നെയാണ് ഇടത് പ്രതീക്ഷയെന്നും നേതാക്കൾ പറയുന്നു. ശക്തമായ ഭരണ വിരുദ്ധ വികാരം ഇല്ല. മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് ഏറെ ആളുകളും പറയുന്നത് പിണറായി വിജയന്‍റെ പേരാണ്. ഒരാശങ്കയും ഇല്ലെന്ന് മാത്രമല്ല ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന ഉറച്ച പ്രഖ്യാപനം കൂടിയാണ് സർവെയെന്നാണ് പൊതു വിലയിരുത്തൽ.
തെരഞ്ഞെടുപ്പിന് ശേഷവും 2021ലേതിന് സമാനമായ നൂറ് സീറ്റ് അവകാശവാദമൊന്നും എൽഡിഎഫ് കണക്കിലുണ്ടായിരുന്നില്ല. ന്യൂനപക്ഷ ഏകീകരണവും മതസാമുദായിക നിലപാടുകളുമെല്ലാം സമ്മതിച്ചാലും അതൊരു സംസ്ഥാന വ്യാപക പ്രതിഭാസമെന്ന് ഇടതുമുന്നണി സമ്മതിക്കുന്നുമില്ല. 56 സിപിഎം എംഎൽഎമാർ അടക്കം സിറ്റിംഗ് സീറ്റുകളിലെ മത്സരവും സർക്കാരിന്‍റെ വികസന നേട്ടങ്ങളും എല്ലാം വിലയിരുത്തിയാണ് സുരക്ഷിത ഭരണം ഉറപ്പിക്കുന്ന സീറ്റ് കണക്ക് ഇടത് ക്യാമ്പുകൾ കണക്ക് കൂട്ടുന്നതും. അറുപത് സീറ്റിൽ ഉറച്ച വിജയ പ്രതീക്ഷയും മുപ്പതോളം സീറ്റിലെ കടുത്ത മത്സരവും കണക്കിലെടുത്താൽ പോലും ഫലം തുടർ ഭരണമല്ലേ എന്നാണ് ഈ കണക്കിന്‍റെ അടിസ്ഥാനം. മുഖ്യമന്ത്രി അടക്കം പ്രകടിപ്പിക്കുന്ന ആത്മവിശ്വാസവും ഇടത് ക്യാമ്പിന് നൽകുന്നത് ആശ്വാസമാണ്. പക്ഷെ അപ്പോഴും ഒരു എക്സിറ്റ് പോളും ഭരണത്തുടർച്ച പ്രവചിക്കാത്തത് നെഞ്ചിടിപ്പേറ്റുന്നുമുണ്ട്.
ജനവിധി അറിയാൻ ഇനി രണ്ട് ദിവസം മാത്രം
കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 43 ഇടങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണുക. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണും. ഇവിഎമ്മുകൾക്കായി ഒരു ഹാളിൽ 7 മുതൽ 14 വരെ മേശകൾ ക്രമീകരിക്കും. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും.
തികഞ്ഞ വിജയപ്രതീക്ഷയിലാണ് എൽഡിഎഫും യുഡിഎഫും. എക്സിറ്റ് പോൾ ഫലങ്ങൾ എതിരാണെങ്കിലും ഭരണ തുടർച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്. എല്ലാ പ്രവചനങ്ങളിലും മുന്നിലെത്താനായത് യുഡിഎഫിന്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളിലെങ്കിലും വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.



