തിരുവനന്തപുരം: പൊലീസിലെ അഴിമതി ചൂണ്ടിക്കാണിക്കുന്ന സിഎജി റിപ്പോ‍ർട്ട് വിവാദം അവഗണിച്ച് മുന്നോട്ട് പോകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. സിഎജിയുടെ റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. യുഡിഎഫ് കാലത്തെ അഴിമതിയെക്കുറിച്ചാണ് റിപ്പോർട്ടിൽ പരാമർശമുള്ളതെന്നും, ഇതിന് ഇടത് മുന്നണി മറുപടി പറയേണ്ടെന്നും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരാനിരിക്കെ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യാനാണ് ഇടതുമുന്നണിയുടെ തീരുമാനം. 

സിഎജി പുറത്തുവിട്ട റിപ്പോർട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും, പൊലീസിനും തന്നെ വലിയ തലവേദനയായ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ വിഷയം ചർച്ച ചെയ്തത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതൊഴികെ ബാക്കിയെല്ലാ കേസുകളും യുഡിഎഫ് കാലത്തുണ്ടായതാണ്. അതിന് മറുപടി പറയേണ്ടതും യുഡിഎഫാണ്. 

കൃത്യമായി രാഷ്ട്രീയയലക്ഷ്യത്തോടെ, മുഖ്യമന്ത്രിക്കെതിരെ വരുന്ന ആരോപണങ്ങൾ അവഗണിച്ച് മുന്നോട്ട് പോകാനാണ് അതിനാൽ സിപിഎം തീരുമാനിക്കുന്നത്. പതിവില്ലാതെ സിഎജി വാർത്താസമ്മേളനം വിളിച്ച് കണ്ടെത്തലുകൾ പറഞ്ഞതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന സൂചന നൽകിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. സാധാരണ സിഎജി റിപ്പോർട്ടുകൾ പബ്ലിക് അക്കൗണ്ട്‍സ് കമ്മിറ്റിക്ക് മുന്നിൽ എത്തുമ്പോൾ മറുപടിയും വിശദീകരണവും നൽകി പരിഹരിക്കാറാണ് പതിവെന്നും, അത് തന്നെ ഇപ്പോഴുമുണ്ടാകും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഇതേ തരത്തിലുള്ള ആരോപണങ്ങളെ മുഖ്യമന്ത്രി തന്നെ നേരിടുമെന്നും, മറുപടി നൽകുമെന്നും സിപിഎം തീരുമാനിച്ചു. സിപിഎമ്മിന്‍റെ മറ്റ് നേതാക്കളാരും ഇതിൽ പ്രതികരണം നടത്തിയിട്ടില്ല, നടത്തേണ്ടതുമില്ല എന്നാണ് തീരുമാനം. 

നാളെയും മറ്റന്നാളും സിപിഎം സംസ്ഥാനസമിതി ചേരും. ഈ സമിതിയിൽ കൂടുതൽ ചർച്ചകളുണ്ടാകും. സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഏറ്റവും അനുകൂല കാലാവസ്ഥ നിലനിൽക്കുന്ന ഈ സമയത്ത് വന്ന സിഎജി റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാട് പാർട്ടി സ്വീകരിക്കുമ്പോൾ ഇനി ഇതിനോട് പ്രതിപക്ഷം എന്ത് നിലപാടെടുക്കുമെന്നതാണ് നിർണായകം. 

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കാണാതായെന്ന ഗുരുതരമായ കണ്ടെത്തലാണ് നിയമസഭയുടെ മേശപ്പുറത്ത് വച്ച കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഭ്യന്തര വകുപ്പിനെത്തന്നെ പ്രതിരോധത്തിലാക്കുന്ന കണക്കുകളാണ് സിഎജി മുന്നോട്ടു വയ്ക്കുന്നത്. പൊലീസിലെ എസ്ഐമാർക്കും എഎസ്ഐമാർക്കും ക്വാർട്ടേഴ്സ് കെട്ടേണ്ട 2.81 കോടി രൂപ ഉപയോഗിച്ച് ഡിജിപിക്കും എഡിജിപിമാർക്കും ആഢംബര വില്ലകൾ കെട്ടിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ പേരെടുത്ത് തന്നെ സിഎജി റിപ്പോർട്ടിൽ പറയുന്നു. 

പൊലീസിന് വേണ്ടിയുള്ള ജിപിഎസ് ഉപകരണങ്ങളും, വോയ്‍സ് ലോഗേഴ്‍സും വാങ്ങിയതിലും അഴിമതിയുണ്ടെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കെൽട്രോണും പൊലീസും തമ്മിൽ സ്വകാര്യ കമ്പനികൾക്ക് കരാർ മറിച്ചുകൊടുക്കാൻ 'അവിശുദ്ധ കൂട്ടുകെട്ടു'ണ്ടെന്ന വാക്കാണ് സിഎജി ഉപയോഗിച്ചത്.

എന്തായിരുന്നു സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ? വിശദമായി വായിക്കുക:

Read more at: 'ഉണ്ടകൾ എവിടെ? ഉത്തരമില്ല, കെൽട്രോൺ - പൊലീസ് അവിശുദ്ധ കൂട്ടുകെട്ട്': എണ്ണിപ്പറഞ്ഞ് സിഎജി