സിപിഎം വിശാല സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തുടർഭരണത്തിന് കാരണഭൂതരായവർ തുടർ തോൽവികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പിണറായി വിജയനെതിരെ പരോക്ഷ വിമർശനം ഉയർന്നു.
കോഴിക്കോട്: സിപിഎം വിശാല കമ്മിറ്റിയിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത തിരുത്തൽ വേണമെന്ന് പൊതുചർച്ചയിൽ ആവശ്യം ഉന്നയിച്ച് പ്രതിനിധികൾ. തിരുത്തൽ നടപടി ജനങ്ങൾക്കും അണികൾക്കും ബോധ്യമാകണം. സംസ്ഥാന സെക്രട്ടേറിയറ്റിന് കൂട്ടുത്തരവാദിത്തം ഇല്ല. നേതാക്കൾ ഒറ്റക്കൊറ്റയ്ക്ക് തീരുമാനം എടുക്കുന്നു. പ്രശ്നങ്ങൾ വരുമ്പോൾ നേതാക്കൾ ഒറ്റക്കെട്ടായി നേരിടുന്നില്ല. യോജിച്ച നിലപാട് പറയാൻ പോലും കഴിയുന്നില്ലെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാന സമിതി ചേരുന്നുണ്ട്. തുടര്‍ന്ന് 10.30ന് വിശാല സംസ്ഥാന സമിതി വീണ്ടും യോഗം ചേരും.
അതേസമയം, സിപിഎം വിശാല കമ്മിറ്റിയിൽ പിണറായി വിജയനെതിരെ കാസർകോട്ടെ പ്രതിനിധി കാരണഭൂതൻ പരാമർശവും നടത്തി. തുടർ ഭരണത്തിന് കാരണഭൂതരായർ തുടർ തോൽവികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നായിരുന്നു ഡോക്ടർ വി പി പി മുസ്തഫയുടെ വിമർശനം. എം വി ഗോവിന്ദനെ ലക്ഷ്യമിട്ട് തുടങ്ങിയ ചർച്ച പിണറായിക്കെതിരെയും തിരിഞ്ഞു.
കണ്ണൂരിനെ പിന്തുടർന്ന് മറ്റു ജില്ലകളും സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് നടത്തുന്നത്. എം വി ഗോവിന്ദന്റെ നേതൃത്വശേഷിയെ കണ്ണൂർ കമ്മിറ്റിയാണ് ശക്തമായി വിമർശിച്ചത്. ഇന്നലെ ചർച്ചയിൽ പങ്കെടുത്ത കാസർകോട്ടെ ഡോക്ടർ വിപിപി മുസ്തഫ പിണറായിയെ കടന്നാക്രമിച്ചു. തുടർ ഭരണത്തിന് കാരണഭൂതരായർ തുടർ തോൽവികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നായിരുന്നു വിപിപി മുസ്തഫ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ല. 2021ന് ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റപ്പോൾ പൾസ് മനസ്സിലാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. യോഗത്തിൽ അവതരിപ്പിച്ച രേഖയിലെ ഉള്ളടക്കം പാർടിയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്നും അദ്ദേഹം വിമർശിച്ചു.


