തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പോരായ്മയുണ്ടായെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് സമ്മതിച്ചു. പാർട്ടിവിട്ട് മത്സരിച്ച ടി.കെ. ഗോവിന്ദൻ അധികാരമോഹിയും വർഗവഞ്ചകനുമാണെന്നും, പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയ 'ബ്രൂട്ടസ്' ആണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. എന്നാൽ സ്ഥാനാർഥിയെച്ചൊല്ലി എതിർപ്പുയർത്തി പാർട്ടിവിട്ട് സ്ഥാനാർഥിയായ ടി.കെ. ഗോവിന്ദൻ വർഗവഞ്ചകനാണെന്നും, പാർട്ടിയെ നെഞ്ചത്ത് കാടാര വെച്ച് കുത്തിയ തളിപ്പറമ്പിന്റെ 'ബ്രൂട്ടസ്' ആണ് അദ്ദേഹമെന്നും രാഗേഷ് രൂക്ഷമായി വിമർശിച്ചു. തളിപ്പറമ്പിലെ തോൽവിയെയും വോട്ട് ചോർച്ചയെയും കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഐ.ആർ പ്രകാരം തളിപ്പറമ്പിലായിരുന്നു ഏറ്റവും അധികം വോട്ട് വർധിച്ചത്. ലീഗിന്റെ കേന്ദ്രങ്ങളിലാണ് പ്രധാനമായും വോട്ട് കൂടിയത്. ശക്തമായ മത്സരം കാഴ്ചവെക്കുന്ന സ്ഥാനാർഥിയെ നിർത്തി പ്രതിരോധിക്കേണ്ട സ്ഥാനത്ത് നിർണയത്തിൽ പോരായ്മ സംഭവിച്ചുവെന്നത് തുറന്നുപറയാൻ മടിയുമില്ലെന്ന് രാഗേഷ് വ്യക്തമാക്കി. എന്നാൽ, "എന്നെ എന്തുകൊണ്ട് സ്ഥാനാർഥിയായി നിർദേശിച്ചില്ല" എന്ന് പാർട്ടി യോഗത്തിൽ ചോദിച്ച ഗോവിന്ദൻ, വലിയ വിപ്ലവകാരിയാണെന്ന് നടിച്ചുനടന്ന ആളാണെങ്കിലും യഥാർത്ഥത്തിൽ അധികാരമോഹിയും വർഗവഞ്ചകനുമായി മാറുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. എതിരാളികളുടെ കുത്ത് സഹിക്കാമെങ്കിലും കൂട്ടത്തിൽ നിന്നുള്ള ഇത്തരം കുത്തുകൾ സഹിക്കാനാവില്ല. പാർട്ടി പല ഭാഗത്തുനിന്നും അക്രമം നേരിടുമ്പോൾ പിന്നിൽ നിന്ന് കുത്തിയ ഗോവിന്ദന്റെ വഞ്ചന തളിപ്പറമ്പും പാർട്ടിയും ഒരിക്കലും മറക്കില്ലെന്നും രാഗേഷ് കൂട്ടിച്ചേർത്തു.

