തിരുവനന്തപുരം സെഷൻസ് കോടതിയാണ് വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഉത്തരവാദിത്തപ്പെട്ട ജോലിയിൽ ഇരിക്കുന്ന വ്യക്തി ചെയ്ത പ്രവർത്തി ചെറുതായി കാണാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ന‌ടപടി.

തിരുവനന്തപുരം: മുള്ളൻപ്പന്നിയെ കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജീവൻ സംരക്ഷിക്കാൻ വേണ്ടി ചെയ്ത പ്രവർത്തി എന്നാണ് ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദിച്ചത്. എന്നാൽ, ഉത്തരവാദിത്തപ്പെട്ട ജോലിയിൽ ഇരിക്കുന്ന വ്യക്തി ചെയ്ത പ്രവർത്തി ചെറുതായി കാണാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ന‌ടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിരന്തരം വിവാദത്തിൽപ്പെടുന്നയാളാണ് വെള്ളനാട് ശശി. വീട്ടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്ന സംഭവത്തിൽ കഴിഞ്ഞ മാസം ശശിക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോൾ ശശി സ്ഥലത്തില്ലായിരുന്നു. ശശി പങ്കെടുക്കേണ്ട വെള്ളനാട് സ്കൂളിലെ പരിപാടി സ്ഥലത്തും ഉദ്യോഗസ്ഥർ എത്തി. അവിടെയും ശശി എത്തിയിട്ടില്ലെന്നായിരുന്നു വിവരം. ഒളിവിലെന്ന് വനംവകുപ്പ് വാദിക്കുന്ന വെള്ളനാട് ശശി കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിൽ എത്തിയത് വലിയ വാർത്തയായിരുന്നു. വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ വെള്ളനാട് ശശിയെ ദിവസങ്ങൾക്ക് മുമ്പ് ലോഡ്ജിൽ കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം ശശി സെക്രട്ടേറിയേറ്റിൽ എത്തിയപ്പോള്‍ ദൃശ്യങ്ങൾ പകർത്തിയ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകനോട് ശശി തട്ടികയറി. ശശിയുടെ അറസ്റ്റ് വൈകുന്നു എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ദൃശ്യങ്ങള്‍ ശ്രദ്ധേയമായത്.

വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടെന്ന പരാതിയും അടുത്തിടെ ശശിക്കെതിരെ ഉയര്‍ന്നിരുന്നു. 2024 സെപ്തംബറിൽ വെള്ളനാട് ശശി പത്തനംതിട്ടയിൽ വെച്ച് അറസ്റ്റിലായിരുന്നു. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തിലാണ് അന്ന് പൊലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്. തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. 2021ൽ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം അടിച്ചു തകർത്ത കേസിലും വെള്ളനാട് ശശി അറസ്റ്റിലായിരുന്നു. തന്നോട് സമ്മതം ചോദിക്കാതെ ഫ്ലക്സ് ബോർഡിൽ നൽകിയ സ്വന്തം ചിത്രം വെട്ടിയെടുത്ത് വെള്ളനാട് ശശി പ്രതിഷേധിച്ചതും 2021ൽ ആയിരുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജങ്ഷനിലും സ്ഥാപിച്ച ബോർഡുകളിൽ നിന്നാണ് ചിത്രം വെട്ടിയെടുത്തത്. ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതിന് പഞ്ചായത്ത്‌ സെക്രട്ടറിയെ വഴിയിൽ തടഞ്ഞതും ഇക്കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു.

YouTube video player