സി പി ഐ പറഞ്ഞത് അവരുടെ അഭിപ്രായം.എന്നാൽ ഇടത് മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ല. ഉണ്ടെങ്കിൽ ചർച്ച ചെയ്യും.
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസ് (lokayukta amendment ordinance)ഒപ്പിട്ടത് ഗവർണർക്ക്(governor) ബോധ്യപ്പെട്ടത് കൊണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ. ഓർഡിനൻസുമായി ബന്ധപ്പെട്ട സംശയങ്ങൾ മുഖ്യമന്ത്രി ഗവർണറെ കണ്ട് ദൂരീകരിച്ചു. ഇത് ഗവർണർക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ഒപ്പിട്ടത്. ഓർഡിനൻസിനെ എതിർക്കുന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു .
ഓർഡിനൻസ് ഒപ്പിട്ട് ഗവർണ്ണർ ഭരണഘടനാപരമായ കടമായാണ് നിർവഹിച്ചതെന്ന് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു. ഓർഡിനൻസിനെതിരെ പ്രതിപക്ഷം നടത്തിയത് അപഹാസ്യമായ പ്രവർത്തനം. സി പി ഐ പറഞ്ഞത് അവരുടെ അഭിപ്രായം.എന്നാൽ ഇടത് മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ല. ഉണ്ടെങ്കിൽ ചർച്ച ചെയ്യും. കാനത്തിൻ്റെ നിലപാടിനോട് പ്രതികരിക്കുന്നില്ല
എന്തും ചർച്ച ചെയ്യാം എന്നതാണ് എൽഡിഎഫ് നിലപാടെന്നും വിജയരാഘവൻ പറഞ്ഞു.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലടക്കം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ നിയമത്തിൻ്റെ മുന്നിലെ വിഷയമാണ്. കോടതി പരിഗണനയിൽ ഉളള വിഷയത്തിൽ നിയമപരമായ കാര്യങ്ങൾ നടക്കട്ടെ. മാധ്യമ തിരക്കഥയ്ക്ക് അനുസരിച്ച് മറുപടിയില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു
