തിരുവനന്തപുരം: കോര്‍പറേഷന്‍റെയും സബ് കളക്ടറുടെയും ഉത്തരവുകള്‍ കാറ്റില്‍ പറത്തിയാണ് തിരുവനന്തപുരത്ത് സിപിഎമ്മിന്‍റെ പുറമ്പോക്ക് കയ്യേറ്റം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെട്ടിയ താല്‍ക്കാലിക ഓഫീസ് വായനശാലയാക്കി മാറ്റാനാണ് നീക്കം. രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നടത്തുന്ന ഭൂമി കയ്യേറ്റത്തെക്കുറിച്ചുളള ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു. 

കിളളിപ്പാലം പുത്തന്‍കോട്ട ശിവക്ഷേത്ര പരിസരത്ത് ഒരു കയ്യേറ്റം വളര്‍ച്ച പ്രാപിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് കെട്ടിയ എല്‍ഡിഎഫിന്‍റെ താല്‍ക്കാലിക ഓഫീസ് ഇന്ന് ഇഎംഎസ് വായന ശാലയായി പരിണമിച്ചിരിക്കുന്നു. സൈനികനായ കേണല്‍ പി എം കുറുപ്പിന്‍റെ വീടിനു മുന്‍വശത്തെ പുറമ്പോക്കാണ് പാര്‍ട്ടിക്കാര്‍ കയ്യേറി കൈവശപ്പെടുത്തിയത്.

Read Also : തലസ്ഥാനത്തെ കണ്ണായ ഇടങ്ങളിൽ പാർട്ടി ഓഫീസുകളുടെ 'കൊടി കുത്തി കയ്യേറ്റം'

നിലവില്‍ ഈസ്റ്റേണ്‍ കേഡറില്‍ ജോലി ചെയ്യുന്ന കേണല്‍ പി എം കുറുപ്പ് സംഭവമറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് സ്ഥിരമോ താല്‍ക്കാലികമോ ആയ നിര്‍മാണം പാടില്ലെന്ന് കാട്ടി വില്ലേജ് ഓഫീസര്‍ ഉത്തരവ് പതിപ്പിച്ചു. എന്നിട്ടും കാര്യമുണ്ടായില്ല. 

ഒടുവില്‍ കേണല്‍ കുറുപ്പിന്‍റെ ബന്ധുവായ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കയ്യേറ്റം പൊളിച്ചു മാറ്റണമെന്ന് കാട്ടി മേയര്‍ ഉത്തരവിട്ടു. ഈ ഉത്തരവ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സിപിഎം ചാല ലോക്കല്‍ സെക്രട്ടറി മണികണ്ഠനെ അറിയിച്ചു. മൂന്നു ദിവസത്തിനകം ഷെഡ് പൊളിച്ചു മാറ്റണമെന്നായിരുന്നു ഏപ്രില്‍ നാലിന് നല്‍കിയ ഉത്തരവ്. സമാനമായ ഉത്തരവ് സബ് കളക്ടറും നല്‍കി. ഒരു മാസം പിന്നിടുമ്പോഴും പാര്‍ട്ടിക്കാരുടെ കയ്യേറ്റം ഇളക്കമില്ലാതെ തുടരുന്നു.

 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.