രണ്ട് പതിറ്റാണ്ടിലധികമായി അനുമതി കിട്ടാതിരുന്ന കെട്ടിടത്തിനാണ്, മുൻ ബ്രാഞ്ച് സെക്രട്ടറി അനധികൃത നമ്പർ നേടിയെടുത്തത്. ഇതോടെ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പരാതികളുടെ എണ്ണം ഏഴായി.
കോഴിക്കോട്: കോഴിക്കോട്ടെ സിപിഎം പ്രാദേശിക നേതാവിന്‍റെ കെട്ടിടത്തിന് അനധികൃത നമ്പർ നൽകിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. രണ്ട് പതിറ്റാണ്ടിലധികമായി അനുമതി കിട്ടാതിരുന്ന കെട്ടിടത്തിനാണ്, മുൻ ബ്രാഞ്ച് സെക്രട്ടറി അനധികൃത നമ്പർ നേടിയെടുത്തത്. ഇതോടെ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പരാതികളുടെ എണ്ണം ഏഴായി. എരിഞ്ഞപ്പാലം സ്വദേശിയും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ഷരീഫിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് അനധികൃത നമ്പർ നൽകിയത്.
ഫ്രാൻസിസ് റോഡിലെ കെട്ടിടത്തിന് നമ്പർ നേടാൻ മുൻ ഉടമ കാലങ്ങളോളം ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ രണ്ട് വർഷം മുൻപ് ഷരീഫ് കെട്ടിടം വാങ്ങി പുതുക്കി പണിതു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അനധികൃത നമ്പരും തരപ്പെടുത്തി. കോർപറേഷൻ രേഖകളിൽ ഒരു തെളിവ് പോലും ബാക്കിവെയ്ക്കാതെയായിരുന്നു വഴിവിട്ടനീക്കം. കോർപറേഷൻ സെക്രട്ടറി തന്നെയാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയത്. കോർപറേഷനിലെ അനധികൃത കെട്ടിട നമ്പർ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘമാണ് ഈ കേസും അന്വേഷിക്കുക.
എന്നാൽ, ജില്ലാ ക്രൈംബ്രാഞ്ചിന് ഇതുവരെ ഒരു കേസിൽ മാത്രമാണ് ഉദ്യോഗസ്ഥരടക്കം പ്രതികളെ പിടികൂടാനായത്. മറ്റ് കേസുകളിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിലെ കാലതാമസമുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. എന്നാൽ അനധികൃത കെട്ടിട നമ്പരുകൾ തരപ്പെടുത്തി കൊടുക്കുന്ന കോർപറേഷനിലെ മാഫിയ സംഘത്തിന്, പൊലീസിന്‍റെ ഈ മെല്ലപ്പോക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുമെന്ന ആക്ഷേപം ശക്തമാണ്.
Also Read: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട്; കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന് കണ്ടെത്തൽ
അതേസമയം, കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന് കണ്ടെത്തൽ. ക്രമവിരുദ്ധമായി നമ്പർ നേടിയ മൂന്ന് കെട്ടിടങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചതിൽ നിന്നാണ് ഇടനിലക്കാർ, കോർപ്പറേഷനിലെ ജീവനക്കാർ എന്നിവരിലേക്ക് അന്വേഷണമെത്തിയത്. കോർപ്പറേഷൻ കൈമാറിയ പട്ടികയിൽ നിന്ന് 14 കെട്ടിട നമ്പറുകൾ ക്രമവിരുദ്ധമെന്ന് കണ്ടത്തിയിരുന്നു. നേരത്തെ ക്രമക്കേടിന് കൂട്ടുനിന്നതിന്‍റെ പേരിൽ കോർപ്പറേഷനിലെ രണ്ട് ക്ലർക്കുമാർ, ഒരു മുൻ ജീവനക്കാരൻ എന്നിവരുൾപ്പെടെ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു.
