Asianet News MalayalamAsianet News Malayalam

കൊല്ലത്ത് ലഹരി കടത്തിയത് പാര്‍ട്ടിക്കാര്‍; പ്രതികളുടെ ചിത്രങ്ങളും ദൃശ്യവും പുറത്ത്, നടപടി എടുക്കാതെ സിപിഎം

ഒന്നരക്കോടി രൂപയുടെ ലഹരിക്കടത്തിലെ മുഖ്യപ്രതികളില്‍ ഒരാളായ ആലപ്പുഴ സ്വദേശി ഇജാസ് സിപിഎം ആലപ്പുഴ സീ വ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ചിലെ അംഗമാണ്. മറ്റൊരു പ്രതിയായ സജാദ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ്.

cpm not take action against cpm workers who in accused on tobacco smuggling case
Author
First Published Jan 10, 2023, 5:41 PM IST

കൊല്ലം/ ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ പ്രതികളില്‍ രണ്ട് പേര് സിപിഎം പ്രാദേശിക നേതാക്കള്‍. മുഖ്യപ്രതി ഇജാസ്  സിപിഎം ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗവും സജാദ്, ഡിവൈഎഫ് ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയുമാണ്. ഇതിനിടെ ആരോപണ വിധേയനായ കൗണ്‍സിലര്‍ എ ഷാനവാസിന്‍റെ പിറന്നാൾ ആഘോഷത്തിൽ പാര്‍ട്ടിയിലെ യുവനേതാക്കള്‍ക്കൊപ്പം ഇജാസ് പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. നീചമായ മാര്‍ഗത്തിലൂടെ പണം സമ്പാദിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, പ്രശ്നം ചര്‍ച്ച ചെയ്യാന് ഇന്ന് വൈകിട്ട് അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുമെന്ന് അറിയിച്ചു.

ഒന്നരക്കോടി രൂപയുടെ ലഹരിക്കടത്തില്‍ ആലപ്പുഴയില്‍ സിപിഎം നേരിടുന്നത് ഗുരുതര പ്രതിസന്ധി. സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ലഹരികടത്തിയത് വന്‍ വിവാദമാകുമ്പോഴാണ് മുഖ്യപ്രതികളുടെ സിപിഎം ബന്ധവും പുറത്ത് വരുന്നത്. കേസില്‍ മുഖ്യപ്രതിയായി പൊലീസ് ആരോപിക്കന്നത് ഇജാസ് ഇക്ബാലാണ്. സിപിഎം ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗമായ ഇജാസ് ഡിവൈഎഫ്ഐ തുമ്പോളി മേഖലാ ഭാരവാഹിയുമായിരുന്നു. നാല് മാസം മുമ്പ് സമാനമായ കേസില്‍ ഇജാസ് പിടിയിലായിരുന്നു. എന്നിട്ടും ഒരു നടപടിയും പാര്‍ട്ടി സ്വീകരിച്ചില്ല. ഡിവൈഎഫ്ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ് മൂന്നാം പ്രതിയായ സജാദ്. ഇതിനിടെ മുഖ്യപ്രതി ഇജാസുമായി കൗണ്‍സില്‍ എ ഷാനവാസിന്‍റെ അടുത്ത ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.

കഴിഞ്ഞ ജനുവരി നാലിന് ആലപ്പുഴ നഗരത്തിലെ കാബിനറ്റ് സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന എ ഷാനവാസിന്‍റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഒന്നരക്കോടിയുടെ പാന്‍മസാല പിടികൂടുന്നതിന് നാല് ദിവസം മുമ്പാണ് പരിപാടി നടന്നത്. കൂടെ നിരവധി യുവനേതാക്കളുമുണ്ട്. എസ് എഫ് ഐ ജില്ലാ സെക്രട്ടറി സൗരവ് സുരേഷ്, ഡിവൈഎഫ്ഐ തുമ്പോളി മേഖലാ സെക്രട്ടറി സൽമാൻ, ഡിവൈഎഫ്ഐ ആലിശ്ശേരി മേഖലാ സെക്രട്ടറി സിനാഫ്, എസ്എഫ്ഐ ആലപ്പുഴ ഏരിയാ സെക്രട്ടറി അമല്‍ നൗഷാദ് എന്നിവരെയും ദൃശ്യങ്ങില്‍ കാണാം.

പ്രതികളുമായി തനിക്ക് ഒരു ഇടപാടുമില്ലെന്നായിരുന്നു ഇന്നലെ വൈകിട്ട് ചേര്‍ന്ന സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി യോഗത്തില്‍ ഷാനാവാസ് വിശദീകരിച്ചത്. യോഗത്തില്‍ പങ്കെുടത്ത് സിപിഎം ജില്ലാ സെക്രട്ടിറി ആര്‍ നാസര്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നും പ്രശ്നം ചര്‍ച്ച ചെയ്യാന് ഇന്ന് അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ്  ചേരുമെന്നും യോഗത്തെ അറിയിക്കുകയായിരുന്നു. ഇന്ന് മാധ്യമങ്ങളെ കണ്ട ആര്‍ നാസര്‍, കുറ്റക്കാരനെന്ന് കണ്ടാല്‍ ഷാനവാസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഷാനവാസില്‍ നിന്ന് ലോറി വാടക്കക്കെടുത്ത കാര്യം പുത്തന് പുരക്കല്‍ ജയൻ സമ്മതിക്കുന്നുണ്ടെങ്കിലും ലോറി ഉപയോഗിച്ചിരുന്നത് താനല്ലെന്നും ഷാനവാസിന്റെ സുഹൃത്തായ ഇജാസാണെന്നുമാണ് പറയുന്നത്.

അതേസമയം, ഷാനവാസിനും കേസിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. വാഹനത്തിന്റെ രേഖകളുമായി അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാന്‍ ഷാനവാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈകിട്ട് ഏഴിന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാനും പങ്കെടുക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios