പാലക്കാട് പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ബാലഗംഗാധരൻ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. 20 വർഷം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു.
പാലക്കാട്: പാലക്കാട് സിപിഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയിൽ എത്തി. പൊൽപുള്ളി പഞ്ചായത്തിലെ നിലവിലെ പ്രസിഡൻ്റ് ബാലഗംഗാധരനാണ് ബിജെപിയിൽ ചേർന്ന്. 20 വർഷം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. 2014 മുതൽ 2020 വരെ വേട്ടാംകുളം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ബാലഗംഗാധരനെ ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ സ്വീകരിച്ചു.
പാർട്ടി വ്യക്തിയധിഷ്ടിതമായതിനാലാണ് സിപിഎം വിട്ടതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി തന്നെ പലപ്പോഴും മാറ്റി നിർത്തിയെന്നും അദ്ദേഹം ആരോപിച്ചു. സത്യം പറഞ്ഞതിനാണ് മാറ്റിനിർത്തിയതെന്നും ബാലഗംഗാധരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ചാണ് ബിജെപിയിലേക്ക് ആകൃഷ്ടനായതെന്നും ബാലഗംഗാധരൻ പറഞ്ഞു.
ബിജെപിക്കൊപ്പം വിജയാഘോഷത്തിൽ നൃത്തം; വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ത്ഥി
അതിനിടെ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് നൃത്തം വെച്ചതിൽ വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ത്ഥി അഞ്ജു സന്ദീപ്. മരിക്കുന്നതുവരെ സഖാവായിരിക്കുമെന്ന് പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ 24ാം വാര്‍ഡിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച അഞ്ജു സന്ദീപ് വ്യക്തമാക്കി. പാര്‍ട്ടി നോക്കിയല്ല ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദ പ്രകനടത്തിൽ പങ്കെടുത്തതെന്നും വ്യക്തിപരമായ ബന്ധങ്ങള്‍ കാരണമാണ് ഒപ്പം നൃത്തം വെച്ചതെന്നും അഞ്ജു സന്ദീപ് പറഞ്ഞു. തന്‍റേത് പാർട്ടി കുടുംബമാണെന്നും ഭർത്താവ് പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്നും അഞ്ജു പറഞ്ഞു.
വ്യക്തി ബന്ധങ്ങളുടെ പേരിൽ നൃത്തം വെച്ചത് ഇത്രയും വലിയ വിവാദമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അഞ്ജു സന്ദീപ് പറഞ്ഞു. ചെറുപ്പം മുതലെ കമ്യൂണിസ്റ്റുകാരിയാണ്. ഇപ്പോഴും അതിനൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അഞ്ജു പറഞ്ഞു. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച അഞ്ജു കാരാക്കുറിശ്ശി പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നും വിജയിച്ച ബിജെപി സ്ഥാനാർഥി സ്നേഹ രാമകൃഷ്ണന്‍റെ വിജയാഘോഷ റാലിയിൽ പങ്കെടുത്താണ് അഞ്ജു നൃത്തം ചെയ്തത്.



