പി കെ ശശി ചെയർമാനായ യൂണിവേഴ്സൽ കോളേജിനായി സി പി എം ഭരിക്കുന്ന വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് പാർട്ടി അറിയാതെ 5 കോടി 49 ലക്ഷം രൂപ സമാഹരിച്ചു എന്നാണ് പ്രധാന പരാതി.
പാലക്കാട് : സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരായ സാമ്പത്തിക തിരിമറി പരാതികളിൽ ഇന്ന് അന്വേഷണം തുടങ്ങും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണ ചുമതല. ഇന്ന് സിപിഎം മണ്ണാർക്കാട് ഏരിയ കമ്മിറ്റി യോഗത്തിൽ ദിനേശൻ പങ്കെടുക്കും. ശശിക്കെതിരെ പരാതി നൽകിയവരിൽ നിന്ന് കൂടുതൽ തെളിവുകളും രേഖകളും സ്വീകരിക്കും. നേരത്തെ നിരവധി പരാതികൾ ഉണ്ടായിരുന്നെങ്കിലും നേരത്തെ കാര്യമായ നടപടികളെടുത്തിരുന്നില്ല. എന്നാൽ എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷമാണ് ഇത്തരം പരാതികളിൽ ഗൌരവമായ സമീപനം പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
പി കെ ശശി ചെയർമാനായ യൂണിവേഴ്സൽ കോളേജിനായി സി പി എം ഭരിക്കുന്ന വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് പാർട്ടി അറിയാതെ 5 കോടി 49 ലക്ഷം രൂപ സമാഹരിച്ചു എന്നാണ് പ്രധാന പരാതി. ഈ തുക കൈകാര്യം ചെയ്തതിലും വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണമുണ്ട്. 2017 ഡിസംബറിൽ മണ്ണാർക്കാട് നടന്ന സിപിഎം ജില്ലാ സമ്മേളത്തിൽ 17 ലക്ഷം ബാക്കി വന്നു. തുകയിൽ 7 ലക്ഷം റൂറൽ ബാങ്കിലുള്ള ഏരിയ കമ്മിറ്റിയുടെ അക്കൌണ്ടിലിട്ടു. 10 ലക്ഷം രൂപ സ്വന്തം അക്കൌണ്ടിലും നിക്ഷേപിച്ചതായി ആരോപണമുണ്ട്.
2009 - 10 കാലത്താണ് മണ്ണാർക്കാട് ഏരിയ ഓഫീസ ഉണ്ടാക്കിയത്. സമാഹരിച്ച തുകയിൽ 10 ലക്ഷം ബാക്കി വന്നു. ആ 10 ലക്ഷവും റൂറൽ ബാങ്കിലുള്ള സ്വന്തം അക്കൈണ്ടിലേക്കാണ് ശശി മാറ്റിയതെന്നും പരാതിയുണ്ട് .ഇക്കാര്യങ്ങളിലാണ് പ്രധാനമായും അന്വേഷണം നടത്തുക. ശശിയുടെ ഡ്രൈവറുടെ പേരിലും അനധികൃതമായി സ്വത്ത് സമ്പാദനം നടന്നിട്ടുണ്ടെന്ന ആരോപണത്തിലും തെളിവുകൾ ശേഖരിക്കും. ഒരു മാസത്തിനകം പുത്തലത്ത് ദിനേശൻ അന്വേഷണ റിപ്പോർട്ട് കൈമാറും. അതിന് ശേഷമാകും ഏതെങ്കിലും തരത്തിലുള്ള നടപടി വേണോ എന്ന് ആലോചിക്കുക.
