പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കാൻ പിണറായി വിജയൻ പിബിയിൽ താൽപര്യം അറിയിക്കുമോയെന്നതാണ് ആകാംഷ.
ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് മുതൽ ദില്ലിയിൽ. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം യോഗത്തിൽ വിലയിരുത്തും. പ്രതിപക്ഷ നേതാവ് ആരെന്നതടക്കം പിബിയിൽ ആലോചനയുണ്ടായേക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കാൻ പിണറായി വിജയൻ പിബിയിൽ താൽപര്യം അറിയിക്കുമോയെന്നതാണ് ആകാംഷ. ഭരണ വിരുദ്ധ വികാരം കൂടാതെ സംഘടനാതലത്തിൽ വന്ന വീഴ്ചകളും തോൽവിക്ക് കാരണമായെന്ന വിലയിരുത്തലുണ്ട്. അതേസമയം 10 വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കുമോ എന്നാണ് അറിയാനുള്ളത്.

തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ശേഷം ഈ സ്ഥാനം ഏറ്റെടുക്കുമോ എന്ന് വ്യക്തമല്ല. പിണറായി താത്പര്യക്കുറവ് അറിയിച്ചാൽ മാത്രമേ മറ്റൊരാളെ പരിഗണിക്കൂ. പിണറായി ഇല്ലെങ്കിൽ കെ എൻ ബാലഗോപാലിനെ ആവും പ്രതിപക്ഷ നേതാവായി പരിഗണിക്കുക. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനകാര്യ മന്ത്രിയുമായിരുന്ന കെ എൻ ബാലഗോപാലിനെ പരിഗണിക്കുമോ അതോ ആദ്യത്തെ ഒന്നോ രണ്ടോ വർഷം പിണറായി തന്നെ ആ സ്ഥാനം ഏറ്റെടുത്ത ശേഷം ഒഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്. ഭരണപക്ഷ നിലയിൽ വൻ സംഖ്യ അപ്പുറത്തുള്ളപ്പോൾ പ്രതിപക്ഷത്തെ നയിക്കേണ്ടത് കരുത്തനായ നേതാവാണെന്ന ചർച്ചക്കൊടുവിൽ പിണറായി തന്നെ പ്രതിപക്ഷ നേതാവാകാനും സാധ്യതയുണ്ട്.


