യുഡിഎഫിലെ ഭിന്നിപ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ട്. പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കണമെന്നും തീരുമാനമായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പ്രവർത്തനം തുടങ്ങാനും തീരുമാനമായി.
കൊച്ചി: ജമാ അത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം (CPM) . ജമാ അത്ത ഇസ്ലാമി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യം വച്ച് പ്രവർത്തിക്കുകയാണെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) പറഞ്ഞു.
യുഡിഎഫിലെ (UDF) ഭിന്നിപ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ട്. പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കണമെന്നും തീരുമാനമായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പ്രവർത്തനം തുടങ്ങാനും തീരുമാനമായി.
പാർട്ടിയിലെ വിഭാഗീയത പൂർണമായി അവസാനിച്ചു. ആലപ്പുഴയിലേത് പ്രാദേശികമായ പ്രശ്നങ്ങളാണെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ
ജി.സുധാകരൻ കത്ത് നൽകിയെന്ന വാർത്ത നിഷേധിച്ചില്ല. (സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവാക്കണമെന്നാണ് സുധാകരന്റെ കത്ത്). ജി.സുധാകരന് ഏത് കാര്യവും പാർട്ടിയിൽ അറിയിക്കാം. അടി കോൺഗ്രസിൻ്റെ പാരമ്പര്യമാണ്. മുന്നണി വിപുലീകരണം ഉടൻ അജണ്ടയിലില്ല. പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുകയാണ് ലക്ഷ്യം.
ഐ എൻ എൽ നിലപാട് എൽഡിഎഫിൻ്റെ യശസിന് കോട്ടം തട്ടുന്നതാണെങ്കിൽ ഇടപെടും. മുസ്ലീം ലീഗുമായി സഖ്യം ആലോചിക്കുന്നില്ല. സമസ്തയുടെ നിലപാട് സ്വാഗതാർഹം, എന്നാൽ ലീഗിനോടുള്ള സമീപനം ഇപ്പോൾ ചർച്ചയിലില്ല. കുറ്റ്യാടി, പൊന്നാനി എന്നിവിടങ്ങളിലെ പ്രാദേശിക പ്രശ്നം മാത്രമാണ്.
മുൻ സമ്മേളനത്തെ അപേക്ഷിച്ച് പാർട്ടി അംഗസംഖ്യ കാര്യമായി ഉയർന്നു. വനിത അംഗങ്ങളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. മറ്റ് പാർട്ടികളിൽ നിന്നുളളവരെ പരമാവധി സിപിഎമ്മിനൊപ്പം അണിനിരത്തണമെന്ന് സമ്മേളന റിപ്പോർട്ട് പറയുന്നു. യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ ഉടൻ നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് സിപിഎം പ്രമേയം അവതരിപ്പിച്ചതായും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമായിരുന്നു.

ന്യൂനപക്ഷ വർഗീയതയെ എതിർക്കണം : സിപിഎം സമ്മേളന റിപ്പോർട്ട്
ന്യൂനപക്ഷ വർഗീയതയെ ശക്തമായി ചെറുക്കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ദളിത് പിന്നോക്ക വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം പാർട്ടിയിൽ നിന്ന് അകറ്റുന്നുവെന്നും ഇത് നേനേരിടണമെന്നും സമ്മേളന റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന റിപ്പോർട്ട്, സംഘടന റിപ്പോർട്ട് എന്നിവയുടെ അവതരണം ഉച്ചയോടെ പൂർത്തിയായി.
നേരത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വിവിധ തരത്തിലുള്ള സ്വയം വിമർശനം ഉണ്ടായി. സിപിഎം മന്ത്രിമാർ പലരും സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നില്ലെന്ന് വിമർശനം ഉയർന്നു. മന്ത്രിമാർ തിരുവനന്തപുരത്തുണ്ടെങ്കിലും സെക്രട്ടേറിയേറ്റ് യോഗത്തിൽ പങ്കെടുക്കാത്ത നില അംഗീകരിക്കാൻ ആവില്ല. മന്ത്രിമാർ അവയ്‌ലബിൾ സെക്രട്ടേറിയറ്റിന് നിർബന്ധമായും എത്തണമെന്നും പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന് നേരെയും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന തീരുമാനം ജയരാജൻ ലംഘിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് പൊതുവിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നുണ്ട്. ചില അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ല. കമ്മിറ്റിയിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് കാണുന്നതെന്നും വിമർശനമുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ മൂലം സജീവത പ്രകടിപ്പിക്കാത്ത നേതാക്കളെ പറ്റിയും റിപ്പോർട്ടിൽ പരാമർശമുണ്ട്.
എറണാകുളം ജില്ലാ സമ്മേളനത്തിലുണ്ടായ ചില സംഭവങ്ങൾ സിപിഎം സമ്മേളനങ്ങളുടെ ആകെ ശോഭ കെടുത്തിയെന്ന് പ്രവർത്തന റിപ്പോർട്ടിൽ വിമർശിക്കുന്നു. പാർട്ടി ജില്ലാ കമ്മറ്റി അംഗം പരസ്യ വിമർശനവുമായി സമ്മേളന വേദിയിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യം ഒഴിവാക്കണമായിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനമാണിത്. തെരഞ്ഞെടുപ്പ് പരാജയത്തിൽ ജില്ലാ ഘടകം എടുത്ത നടപടികൾ വളരെ മയപ്പെടുത്തിയായിരുന്നുവെന്നും ഇതേ തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് കർശന നടപടി ഉറപ്പാക്കേണ്ടി വന്നുവെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ ജില്ലയുടെ ചുമതലയുള്ള സെക്രട്ടേറിയറ്റ് അംഗത്തിന് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ തെരഞ്ഞെടുപ്പ് പരാജയത്തിൽ എടുത്ത നടപടികളിൽ പക്ഷപാതിത്വം കാണിച്ചെന്നും വിമർശനമുണ്ട്. തുടർഭരണം ഉറപ്പാക്കാൻ നടപ്പാക്കേണ്ട പദ്ധതിക്കളെക്കുറിച്ച് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രവർത്തനറിപ്പോർട്ടിലും സംഘടനാ റിപ്പോർട്ടിലും കരട് നയരേഖയിലും നാളെയാവും ചർച്ചകൾ നടക്കുക.
