പിബിക്ക് സംസ്ഥാന ഘടകങ്ങളെ ചലിപ്പിക്കാനായില്ല. പലയിടത്തും സംഘടന നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് നിരീക്ഷിക്കാനായില്ല
മധുര: സിപിഎമ്മിൽ തെറ്റ് തിരുത്തൽ താഴേ തട്ട് വരെ എത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്ന് വിലയിരുത്തുന്ന സംഘടനരേഖ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ഗാർഹിക പീഡനം സ്ത്രീധനം, പുരുഷ മേധാവിത്വം , അഴിമതി തുടങ്ങി പ്രവണതകൾ ഉണ്ടെന്നാണ് കുറ്റപ്പെടുത്തൽ. പിബി താഴേതലത്തിലുള്ള ഘടകങ്ങളെ ചലിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. കേരളത്തിലെ എസ്എഫ്ഐയിൽ തെറ്റായ പ്രവണതൾ ഉണ്ടെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു
തെറ്റുതിരുത്താൻ തയ്യാറാക്കിയ രേഖ താഴേതട്ട് വരെ എത്തിക്കാൻ പൊളിറ്റ് ബ്യൂറോയ്ക്ക് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന രേഖയാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. ഗാർഹിക പീഡനവും ,സ്ത്രീധനം വാങ്ങലും പാർട്ടി നേതാക്കൾക്കിടയിലുമുണ്ട്. തമിഴ്നാടിന്റെ പേരെടുത്ത് ഇക്കാര്യത്തിൽ വിമർശിക്കുന്നു. തെലങ്കാനയിൽ പാർട്ടി നേതാക്കൾക്കിടയിൽ അഴിമതി പ്രധാന വിഷയം എന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. മതസ്വാധീനത്തിനും അന്ധവിശ്വാസത്തിനും പാർട്ടി പ്രവർത്തകർ കീഴ്പ്പെടുന്നു.
ബംഗാളിൽ ജനാധിപത്യ കേന്ദ്രീകരണം ഇല്ല. ജില്ലാതലം വരെ തെറ്റ് തിരുത്തൽ നടപ്പാക്കണമെന്ന് കേന്ദ്ര കമ്മിറ്റി നിർദ്ദേശം നടപ്പായില്ല. പിബിക്ക് സംസ്ഥാന ഘടകങ്ങളെ ചലിപ്പിക്കാനായില്ല. പലയിടത്തും സംഘടന നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് നിരീക്ഷിക്കാനായില്ല. പിബി സിസി യോഗങ്ങളിൽ രാഷ്ട്രീയ ചർച്ച കുറയ്ക്കണം. പകരം സംഘടന ശക്തമാക്കാനുള്ള ചർച്ച കൂടുതൽ നടക്കണം എന്നാണ് റിപ്പോർട്ട് ചർച്ച ചെയ്യുന്നത്. കേരളത്തിലെ എസ്എഫ്ഐ ഘടകത്തിലും വിമർശനം ഉണ്ട്. സംസ്ഥാനത്ത് എസ്എഫ്ഐയിൽ തെറ്റായ പ്രവണതകൾ കാണുന്നു. ഇത് പരിഹരിക്കാൻ പാർട്ടി ഇടപെട്ട് കൊണ്ടിരിക്കുന്നു.ക്യാമ്പസുകളിൽ എസ്എഫ്ഐ ശക്തമാണ്. എന്നാൽ അംഗങ്ങളെ പാർട്ടി തലത്തിൽ ഉയർത്തി കൊണ്ടു വരാൻ കഴിയണം. ത്രിപുരയിൽ 5000 അംഗങ്ങൾ കുറഞ്ഞു. കേരളത്തിൽ 3000 അംഗങ്ങളുടെ കുറവ് കഴിഞ്ഞ പാർട്ടി കോൺഗ്രസിനെക്കാൾ ഉണ്ടായി. പാർട്ടിയിൽ അടിസ്ഥാന വർഗ്ഗത്തിൻറെ പ്രാതിനിധ്യം കൂടി. നേതൃശേഷിയും സ്വാധീനവും ഉള്ളവരെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല. ആകെ അംഗസംഖ്യയുടെ 25 ശതമാനം സ്ത്രീകൾ ആയിരിക്കണം എന്ന കൊല്‍ക്കത്ത പ്ളീനം ധാരണ നടപ്പാക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
