നിലമ്പൂരിൽ കണക്കുകൂട്ടല്‍ പിഴച്ചെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമർശനം. എം വി ഗോവിന്ദന്‍റെ ആർഎസ്എസ് ബന്ധ പരാമർശത്തിലും വിമർശനം ഉയര്‍ന്നു.

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എം സ്വരാജിന്‍റെ തോല്‍വിയില്‍ സിപിഎമ്മിൽ സ്വയം വിമർശനം. നിലമ്പൂരിൽ കണക്കുകൂട്ടല്‍ പിഴച്ചെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമർശനം. ശരിയായ വിലയിരുത്തൽ ഇല്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് പി രാജീവ് ഓർമ്മിപ്പിച്ചു. 

എം വി ഗോവിന്ദന്‍റെ ആർഎസ്എസ് ബന്ധ പരാമർശത്തിലും വിമർശനം ഉയര്‍ന്നു. വർഗ്ഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന് വരുത്തരുതായിരുന്നു എന്നാണ് കുറ്റപ്പെടുത്തല്‍. എളമരം കരീമും പി രാജീവുമാണ് വിമർശനം ഉന്നയിച്ചത്. എം വി ഗോവിന്ദന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. എം സ്വരാജ് വോട്ട് പിടിച്ചിട്ടും പാർട്ടി തോറ്റു. സ്വരാജ് വ്യക്തിപരമായി പതിനായിരം വോട്ടെങ്കിലും പിടിച്ചെന്നാണ് വിലയിരുത്തൽ. പാർട്ടി വോട്ടിലാണ് ചോർച്ച ഉണ്ടായത്. പാർട്ടി വോട്ട് ചോർച്ചയിൽ ഗൗരവമുള്ള പരിശോധന വേണമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

നിലമ്പൂരില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളിൽ ആര്യാടൻ ഷൗക്കത്ത് 44.17 ശതമാനം നേടിയപ്പോള്‍ 37.88ശതമാനമാണ് എം സ്വരാജിന് നേടാനായത്. എൽഡിഎഫിന്‍റെ ശക്തികേന്ദ്രങ്ങളിൽ ഉള്‍പ്പെടെ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കുകയും വോട്ടുവഹിതം ഉയര്‍ത്തുകയും ചെയ്തു. ആകെ 77737 വോട്ടാണ് ആര്യാടൻ ഷൗക്കത്ത് സ്വന്തമാക്കിയത്. എം. സ്വരാജിന് 66660 വോട്ട് മാത്രമാണ് കിട്ടിയത്. പി.വി.അൻവറിന് 19760 വോട്ടും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിന് 8648 വോട്ടും നേടാനായി. എസ്ഡിപിഐ സ്ഥാനാർഥി സാദിഖ് നടുത്തൊടി 2075 വോട്ടുകൾ നേടി. നോട്ടയ്ക്ക് 630 വോട്ടുണ്ട്.

YouTube video player