തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ വിമര്‍ശനം. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. കോളേജിലെ യൂണിറ്റ് കമ്മിറ്റിയെ പാര്‍ട്ടിക്ക് നിയന്ത്രിക്കാനായില്ല എന്നാണ് വിമര്‍ശനം. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് ജില്ലാകമ്മിറ്റിക്കെതിരെ വിമർശനം ഉന്നയിച്ചത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമത്തിന് ശേഷവും പാര്‍ട്ടിക്ക് എസ്എഫ്ഐയില്‍ തിരുത്തല്‍ കൊണ്ടുവരാനായില്ലെന്നും ഇത് ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും സിപിഎം സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പനെതിരെയും എസ്എഫ്ഐ ചുമതലക്കാരൻ സി ജയന്‍ബാബുവിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

അതേസമയം, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി, കുത്തേറ്റ അഖിലിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. വിഷയത്തില്‍ എസ്എഫ്‌ഐ സ്വീകരിച്ച നടപടികളില്‍ അഖിലിന്‍റെ കുടുംബം തൃപ്തി രേഖപ്പെടുത്തിയെന്ന് സാനു പറഞ്ഞു. കേസിൽ കുടുംബം പൂർണ പിന്തുണ അറിയിച്ചെന്നും സാനു കൂട്ടിച്ചേര്‍ത്തു.