എന്തുകൊണ്ടാണ് തിരിച്ചടിയുണ്ടായത്, ചില വീഴ്ചകളുണ്ടായെങ്കിലും ഇത്രയും നല്ല ഭരണമുണ്ടായിട്ടും എന്തുകൊണ്ടാണ് ജനം എതിരായതെന്നും കഴിഞ്‍ മൂന്നുമാസമായി പാർട്ടിയുടെ എല്ലാതലങ്ങളിലും ഞങ്ങൾ ചർച്ച ചെയ്തിരുന്നു. പാർട്ടി അടിത്തട്ട് വരെ ഇക്കാര്യങ്ങൾ ചർച്ചചെയ്തു.

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കല്ല വീഴ്ച സംഭവിച്ചതെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം കൊണ്ടുവരാൻ ശ്രമിച്ചതിൽ പാർട്ടി വിജയിച്ചില്ലെന്നും മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്ക്. കോഴിക്കോട്ട് ഞായറാഴ്ച മുതൽ ആരംഭിക്കുന്ന മൂന്നുദിവസത്തെ സിപിഎം വിശാല സംസ്ഥാന സമിതി യോ​ഗത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടിയെ ശക്തിപ്പെടുത്തി 2029-ൽ എൽഡിഎഫ് ജയിക്കുന്ന കേരളമുണ്ടാകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്തുകൊണ്ടാണ് തിരിച്ചടിയുണ്ടായത്, ചില വീഴ്ചകളുണ്ടായെങ്കിലും ഇത്രയും നല്ല ഭരണമുണ്ടായിട്ടും എന്തുകൊണ്ടാണ് ജനം എതിരായതെന്നും കഴിഞ്‍ മൂന്നുമാസമായി പാർട്ടിയുടെ എല്ലാതലങ്ങളിലും ഞങ്ങൾ ചർച്ച ചെയ്തിരുന്നു. പാർട്ടി അടിത്തട്ട് വരെ ഇക്കാര്യങ്ങൾ ചർച്ചചെയ്തു. ഇനി ഇതെല്ലാം ആവർത്തിച്ചുപറയാനല്ല സംസ്ഥാന സമിതി. എന്തെല്ലാമാണ് രാഷ്ട്രീയവും ഭരണപരവും സംഘടനാപരവുമായ വീഴ്ചകളെന്ന് തിട്ടപ്പെടുത്തി. അവ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനും ഈ ദൗർബല്യങ്ങൾ മറികടക്കാനും എന്താണ് വേണ്ടത്, അതിനുള്ള പ്രവർത്തന പരിപാടിക്ക് രൂപം നൽകാനാണ് ഈ വിശാല സമിതി ചേരുന്നത്.

തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കല്ലല്ലോ വീഴ്ച സംഭവിച്ചത്. പാർട്ടിക്ക് സംഭവിച്ച വീഴ്ചയാണ് ഈ രേഖകൾ പറയുന്നത്. ജനങ്ങളെ ബോധ്യപ്പെടുത്തി ഞങ്ങളോടൊപ്പം കൊണ്ടുവരാൻ ശ്രമിച്ചതിൽ പാർട്ടി വേണ്ടത്ര വിജയിച്ചില്ല. അത് വിജയിക്കാതിരിക്കാനുള്ള കാരണമെന്തെന്ന് ഞങ്ങൾ സ്വയം പരിശോധിച്ച രേഖയാണിത്. നേതൃത്വത്തിലെ വീഴ്ചയെന്ത്, താഴെത്തട്ടിലെ ദൗർബല്യമെന്ത് എന്നിവയെല്ലാം ചർച്ച ചെയ്തുകഴിഞ്ഞു. താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു. തന്നെ തിരുത്തണമെങ്കിൽ പ്രമേയവും തിരുത്തണം. തെറ്റുകൾ തിരുത്തിയെ മുന്നോട്ട് പോകാനാകൂ എന്നും തോമസ് ഐസക്ക് പറഞ്ഞു.

മൂന്നുവർഷം കൂടുമ്പോൾ സമ്മേളനങ്ങൾ കൂടി ജനാധിപത്യ പ്രക്രിയയിലൂടെയാണ് പാർട്ടി നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. വിശാല സമിതിയിൽ നേതൃമാറ്റമെന്ന ആവശ്യമുയരുമോ എന്ന ചോദ്യത്തോടെയായിരുന്നു ഈ മറുപടി. എല്ലാം ചർച്ച ചെയ്ത് രേഖയായിട്ടുണ്ട്. അത് വിപുലീകൃത സമിതി ചർച്ച ചെയ്യുകയാണ്. അതിനുശേഷം ജില്ലാതലങ്ങളിലും വിപുലീകൃത യോ​ഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന സജി ചെറിയാൻ്റെ പ്രസ്താവനയെയും തോമസ് ഐസക്ക് തള്ളി. പാർട്ടി ആരെയും മുൻകൂട്ടി തീരുമാനിക്കാറില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. പാർട്ടി ശക്തിപ്പെടുത്തി 2029-ൽ എൽഡിഎഫ് ജയിക്കുന്ന കേരളമുണ്ടാകും. നേതൃത്വത്തിന് പറ്റിയ വീഴ്ചകൾ എന്തെന്ന് രേഖകളിലുണ്ട്. തെറ്റുകൾ ആവർത്തിക്കില്ലെന്ന ഏറ്റവും വലിയ ​ഗ്യാരണ്ടി ഇതുപോലെയുള്ള സ്വയംവിമർശനമാണ്. സംസ്ഥാന സമിതിയിൽ ചർച്ചചെയ്താണ് ഈ രേഖ വരുന്നത്. അതുകൊണ്ട് വിശാല സമിതിയിൽ സംസാരിക്കാൻ മറ്റുള്ളവർക്ക് അവസരം നൽകുന്നു. തട്ടിക്കൂട്ട് രേഖയും പാസാക്കി പോകുന്ന പരിപാടിയല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾക്ക് അല്ല തെറ്റ് പറ്റിയത്, ഒപ്പം കൂട്ടാൻ പാർട്ടിക്ക് പറ്റിയില്ല: തോമസ് ഐസക് | Thomas Isaac