Asianet News MalayalamAsianet News Malayalam

മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രന്‍ ഒന്നാം പ്രതി, ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

മഞ്ചേശ്വരത്തെ ബിഎസ്‍പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

crime branch filed a charge sheet in kasaragod district court on manjeshwar bribery case
Author
First Published Jan 11, 2023, 3:21 PM IST

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം ആറ് പേരാണ് പ്രതികള്‍. ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പടെ കേസില്‍ ചുമത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. മഞ്ചേശ്വരത്തെ ബിഎസ്‍പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റേ രണ്ടും സുരേഷ് നായ്ക്ക് മൂന്നും പ്രതികള്‍. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്ക് നാലാം പ്രതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവര്‍ അഞ്ചും ആറും പ്രതികള്‍. പട്ടികജാതി / പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പ് ഉള്‍പ്പടെ ചുമത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമേ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

മണികണ്ഠറൈ, സുരേഷ് നായിക്, സുനില്‍ നായിക് എന്നിവരാണ് സുന്ദരയുടെ വീട്ടിലെത്തി പണം കൈമാറിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്ഥാനാര്‍തിത്വം പിന്‍വലിക്കാനുള്ള അപേക്ഷ തയ്യാറാക്കിയത് ബാലകൃഷ്ണ ഷെട്ടിയും മൊബൈല്‍ ഫോണ് വാങ്ങി നല്‍കിയത് ലോകേഷ് നോണ്ടയുമാണ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Follow Us:
Download App:
  • android
  • ios