നിലവിൽ തൊണ്ടർനാട് പൊലീസ് ആണ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്

കല്‍പ്പറ്റ: വയനാട് തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. തട്ടിപ്പിനെ കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അഴിമതിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി. നിലവിൽ തൊണ്ടർനാട് പൊലീസ് ആണ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.

സിപിഎം ഭരിക്കുന്ന തൊണ്ടർനാട് പഞ്ചായത്തിലാണ് രണ്ട് വർഷത്തിനിടെ രണ്ടരകോടി രൂപയുടെ അഴിമതി കണ്ടെത്തിയത്. ഇല്ലാത്ത പദ്ധതി ഉണ്ടാക്കിയും നടത്തിയ പദ്ധതിയുടെ ചെലവ് പെരുപ്പിച്ച് കാണിച്ചുമായിരുന്നു തട്ടിപ്പ്. പിന്നീട്, ഗുണഭോക്താക്കൾ നേരിട്ട് നടത്തിയ തൊഴിലുറപ്പ് പദ്ധതിയിലെ നിര്‍മാണങ്ങളിലും തട്ടിപ്പ് നടന്നുവെന്നത് പുറത്തുവന്നിരുന്നു. ഗ്രാമീണ മേഖലകളിലെ പാവപ്പെട്ടവർക്ക് തൊഴില്‍ ലഭ്യമാക്കാൻ ആവിഷ്കരിച്ച പദ്ധതിയിലാണ് തൊണ്ടർനാട് വൻ തട്ടിപ്പ് നടന്നത്. ആട്ടിൻകൂട്, കോഴിക്കൂട്, കിണർ നിർമാണം തുടങ്ങിയ വിവിധ പദ്ധതികളിലായിരുന്നു തട്ടിപ്പ്. പഞ്ചായത്തിലെ എം ബുക്കില്‍ യഥാർത്ഥ കണക്കെഴുതി സോഫ്റ്റ്‍വെയറില്‍ കൃത്രിമം കാണിച്ചായിരുന്നു വെട്ടിപ്പ് നടന്നത്.

അതേസമയം വിദേശത്തേക്ക് കടന്ന പഞ്ചായത്ത് ജീവനക്കാരനായ ജോജോ ജോണിക്കായി ലുക്ക് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. ഇയാൾ വിവാദം ഉയർന്നതിന് പിന്നാലെ തന്നെ ബെഗ്ലൂളൂരു വഴി ദുബായിലേക്ക് കടന്നതായാണ് വിവരം. ദുബായില്‍ നിന്ന് ജർമനിക്ക് പോയിട്ടുണ്ടെന്നും സൂചനയുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടാൻ എല്ലാ സൗകര്യവും ഒരുക്കിയത് രാഷ്ട്രീയ സ്വാധീനമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

YouTube video player