ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ പ്രതി പൂർണമായും സഹകരിച്ചിരുന്നില്ല
ആലപ്പുഴ: ആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിൽ പ്രതി സിഎം സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച്. പത്ത് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇന്ന് ഏറ്റുമാനൂർ കോടതിയിൽ അപേക്ഷ നൽകും. ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ പ്രതി പൂർണമായും സഹകരിച്ചിരുന്നില്ല. പ്രതിയെ കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ വിശദമായി ചോദ്യം ചെയ്യാൻ കഴിയൂ. കേസിൽ നിർണായകമായ മൊബൈൽ ഫോൺ കണ്ടെത്തുകയാണ് പ്രധാനം. ജൈനമ്മയുടെ മൊബൈൽ ഫോൺ എവിടെയാണെന്ന് ഇതുവരെയും പ്രതി വെളിപ്പെടുത്തിയിട്ടുമില്ല.
പള്ളിപ്പുറത്ത് കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ ഏറ്റുമാനൂരിൽ നിന്ന് കാണാതായ ജൈനമ്മയുടേതെന്ന സംശയത്തിലാണ് പൊലീസ്. ആൾതാമസമില്ലാത്ത വീടിന് സമീപത്ത് നിന്നാണ് കഴിഞ്ഞ ദിവസം ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സെബാസ്റ്റ്യൻ എന്ന ആളുടേതാണ് ഈ സ്ഥലം. ഇയാളെ തിങ്കളാഴ്ച രാത്രിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. ഏറ്റവും ഒടുവിൽ ജൈനമ്മയുടെ ഫോൺ ഓണായത് ചേർത്തല പള്ളിപ്പുറത്താണ്. ഇവിടെ കുഴിച്ച് പരിശോധന നടത്തിയപ്പോഴാണ് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചേർത്തലയിലെ ബിന്ദു പത്മനാഭൻ തിരോധനക്കേസിൽ ആരോപണ വിധേയനാണ് സെബാസ്റ്റ്യൻ.


